Sunday, December 23, 2012

ഇതിഹാസം പടിയിറങ്ങുമ്പോള്‍....ഇന്ത്യക്ക് മാത്രമല്ല ലോകത്തിലെ എല്ലാ ക്രിക്കറ്റ്  പ്രേമികള്‍ക്കും അഭിമാനവും ഊര്‍ജ്ജവും  സന്തോഷവും  ഒരു പോലെ പകര്‍ന്നു കൊടുക്കുന്ന പേരാണ്  സച്ചിന്‍ രെമേഷ് തെണ്ടുല്‍ക്കര്‍  എന്നത്. ഇതുവരെ ആരും കയ്യടക്കാത്തതും ഇനി ഭാവിയില്‍ ആരെങ്കിലും കയ്യടക്കാന്‍ സാധ്യത കുറവുള്ളതുമായ ഉയരങ്ങള്‍ സച്ചിന്‍ എന്നേ  കീഴടക്കിക്കഴിഞ്ഞു .

പോസിറ്റീവ്   ചിന്തകള്‍ കൊണ്ട്  മനസ്സിനെ ബലപ്പെടുത്താന്‍ പോലും പലരും സച്ചിന്റെ ചരിത്രം പറഞ്ഞു കൊടുക്കുക പതിവാണ്. അതായത് പത്താം തരത്തില്‍  പരാജയപ്പെട്ട ഒരു കുട്ടി ജീവിതത്തില്‍  എങ്ങനെ വലിയ   വിജയമായി   എന്നത് കഠിനാധ്വാനത്തിന്റെയും അഭിരുചി മനസ്സിലാക്കി അതിനനുസരിച്ചു ജീവിതം ക്രമപ്പെടുത്തിയതിന്റെയും ഫലമായി ഉത്തമവിജയം സ്വായത്തമാക്കിയ  കഥയാണ്‌ .  ഇത്  മാതാപിതാക്കള്‍ക്കും പഠിപ്പില്‍ മുന്നിലല്ലാത്ത  കുട്ടികള്‍ക്കും ഒരുപോലെ ആശിക്കാന്‍ വക നല്‍കുന്ന സംഗതിയാണെങ്കിലും "സച്ചിന്‍ " എന്നത്  നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഒരു പ്രതിഭാസം ആണെന്നും വിജയം കഠിനാധ്വാനികള്‍ക്ക്   ഒരുക്കിയ സമ്മാനമാണെങ്കിലും, ക്രിക്കറ്റിന്റെ ലോകത്തിലെ  വിജയത്തിന്റെ കൊടുമുടിയില്‍ കയറാന്‍  സച്ചിന്‍  മാത്രമേ സാധിക്കൂ എന്നും പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട് !

പുസ്തകങ്ങളും  ഗവേഷണങ്ങളും വരെ സച്ചിന്റെ പേരില്‍ പിറവിയെടുക്കുമ്പോള്‍ സച്ചിന്റെ ഏതെങ്കിലും ഗുണഗണങ്ങളെ വര്‍ണ്ണിക്കാന്‍  ശ്രമിക്കുക   എന്നത്  ഒരു പാഴ്ശ്രമം ആണെന്ന് സമ്മതിക്കേണ്ടി വരും. ശാന്തശീലനും മാന്യനും ആയ ഇദ്ദേഹം മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചിട്ടുള്ള കാശ് വേണ്ട എന്ന് പറഞ്ഞത് സ്വന്തം പിതാവിനെ അനുസരിക്കുക മാത്രമല്ല ഭാവി തലമുറയെ ഓര്‍ത്തു  കൂടി ആണെന്നുള്ളത്‌ ഇദ്ദേഹത്തോടുള്ള ആദരവു വര്‍ദ്ധിപ്പിക്കുന്നു.

സ്വന്തമായി പേരില്ലാത്തവര്‍ ഒരു പേരുണ്ടാക്കാന്‍ വേണ്ടി മാത്രം നല്ല പേരുകളെ ദുരുപയോഗപ്പെടുത്തുന്ന ഈ കാലത്ത്, ഇദ്ദേഹത്തെ വിമര്‍ശിക്കുന്നതിലൂടെ പേരെടുക്കാന്‍ ശ്രമിച്ച പലരെയും നമുക്കറിയാം. അതൊക്കെ ക്രിക്കറ്റില്‍  തഴക്കവും പഴക്കവും വന്ന പ്രമാണികള്‍ . എന്നാല്‍ ഒരു കാഴ്ചക്കാരനായി മാത്രം ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന എന്നേ  പ്പോലുള്ളവര്‍ സച്ചിന്റെ ഈയിടെയുള്ള മങ്ങിയ ഫോമില്‍ ഏറെ ആശങ്കപ്പെട്ടിരിന്നു.

ക്രിക്കറ്റ് ഒരു മതമാണെങ്കില്‌ അതിലെ ദൈവത്തിന്റെ സ്ഥാനത്താണ് പലരും സച്ചിനെ  പ്രതിഷ്ഠിച്ചതെങ്കില്‍, ആ പ്രതീക്ഷയ്ക്ക് ഇളക്കം തട്ടുന്നതൊന്നും സച്ചിനില്‍ നിന്നും ഒരു ആരാധകന്‍  എന്ന നിലയില്‍  ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പലപ്പോഴും വിമര്‍ശനങ്ങളുടെ മുള്‍മുനകള്‍ക്ക്  തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ മാത്രം തക്ക മറുപടി പറഞ്ഞ സച്ചിന്റെ ഒടുവിലത്തെ പല പ്രകടങ്ങളും ആശയ്ക്ക് വലിയ വക നല്കുന്നതായിരുന്നില്ല.

തൊണ്ണൂറ്റി ഒന്‍പതാമത്തെ സെഞ്ചുറിയില്‍  നിന്നും ചരിത്രമായ നൂറിലേക്കുള്ള ജൈത്രയാത്രയില്‍  ഏകദേശം ഒരു വര്ഷം എടുത്തതു, സച്ചിനെക്കുറിച്ച് അറിയാവുന്നവര്‍ പറയുന്നത് പോലെ സമ്മര്‌ദ്ധങ്ങല്‌ക്കു വശപ്പെട്ടതുകൊണ്ടാണെന്നു തോന്നിപ്പോകും. അതിനു ശേഷം സച്ചിന്‍ ഇതേ വരെ ഒരന്താരാഷ്ട്ര സെഞ്ചുറി എടുത്തില്ല എന്നതും വിമര്‍ശകര്‍ക്ക് ശക്തി പകരുന്നു. ഇക്കഴിഞ്ഞ കുറെ  കളികളില്‍ നിന്ന്  സച്ചിന്‍  ഒരൊറ്റ കളിയില്‍  മാത്രമാണ് സാമാന്യം  ഭേതപ്പെട്ട സ്കോര്‍  എടുത്തത്‌ . ഇടയ്ക്ക്  ഒരു സെഞ്ചുറി നേടിയത് രാജ്യാന്തര ക്രിക്കറ്റിലല്ല എങ്കിലും ഒരു ചെറിയ മറുപടി ആയി സച്ചിന്‍ ആരാധകര്‍ കരുതുന്നു.

സച്ചിനുമുന്പേ വന്നവരും സച്ചിനൊപ്പം  വന്നവരും സച്ചിന്  ശേഷം വന്നവരും ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു പോയപ്പോഴും സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തല ഉയര്‍ത്തി നിവര്‍ന്നു നില്‍ക്കാന്‍ കാരണം സച്ചിന്റെ പ്രകടനം ഒന്ന് കൊണ്ട്  മാത്രമായിരുന്നു. ഏകദിനത്തിലെ ബാലികേറാ മലയായിരുന്ന 200 എന്ന സ്കോറ് പോലും സച്ചിന് തന്റെ പേരിലാക്കിയത് 2010 ല്  മാത്രമാണ് . കഴിഞ്ഞ  ലോകകപ്പിലെ പ്രകടനവും IPL ലെ പ്രകടനങ്ങളും ഒക്കെ സച്ചിന് ഇനിയും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ദൂരം യാത്രചെയ്യാനുള്ള അവസരം ഉണ്ട് എന്ന് വെളിപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കുള്ള മങ്ങിയ ഫോമിനെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല, കാരണം  സച്ചിനില്‍ വിശ്വസിക്കുന്ന എല്ലാവര്ക്കും അറിയാം സച്ചിന് ഒരു ഫിനിക്സ് പക്ഷിയേപ്പോലെ ഉയരങ്ങളിലേക്ക് വീണ്ടും ചിറകടിച്ചു പറന്നുയരുമെന്ന് .

എങ്കിലും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുക എന്നത് ഒരു പ്രൊഫെഷണല്‍ രീതി ആയതിനാല്‍ നൂറാമത്തെ സെഞ്ചുറി നേടിയപ്പോള്‍ പലരും സച്ചിനില്‍ നിന്ന്  അത്തരത്തിലുള്ള എന്തെങ്കിലും കേള്‍ക്കാന്‍ കാതോര്ത്തു. പക്ഷെ അപ്പോള്‍ സച്ചിന്‍ അതിനെക്കുറിച്ച് യാതൊരു സൂചനയും നല്‍കിയിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍   അദ്ദേഹം അതിനെക്കുറിച്ചുള്ള സൂചനകള്‍ തന്നു. പിന്നീട് ഓരോ പ്രമുഖരായ താരങ്ങള്‍   വിരമിക്കുമ്പോഴും പലരും സച്ചിനിലേക്ക് തിരിയാറുണ്ട്. ഒടുവില്‍  ഓസ്ട്രേലിയയ്ക്ക്  അവരുടെ ഏറ്റവും കൂടുതല്‍ ലോകകപ്പുകള്‍ വാങ്ങിക്കൊടുത്ത പോണ്ടിങ്ങ്  വിടവാങ്ങിയപ്പോഴും.

ഒടുവിലിതാ സച്ചിന്‍ ആ നടുക്കുന്ന തീരുമാനം പുറത്തു വിട്ടു. ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു..! പാകിസ്താന്‍ മത്സരങ്ങള്‍ക്ക് മുന്‍പ് തന്നെ ...!

ആരും പറയാതെ തന്നെ ക്രിക്കറ്റില്‍ നിന്നുകൊണ്ട്  ഇന്ത്യക്കും ക്രിക്കറ്റിനും ഇത്രയേറെ സംഭാവനകള്‍ നല്‍കിയ സച്ചിന്, താന്‍ എന്ന് പിന്മാറണമെന്ന് നല്ല ബോധ്യമുണ്ടായിരുന്നു.  അത്  പക്ഷെ  ശോഭ മങ്ങി നില്‍ക്കുന്ന ഒരു  സമയത്ത്   അപ്രതീക്ഷിതമായി ആയതിനാല്‍ ആരാധകരായ ഞങ്ങള്‍ക്ക്  ഇത്തിരി വിഷമം ഉണ്ട്.
എങ്കിലും രാജ്യസഭയില്‍ ഒരു MP ആയി സേവനം തുടങ്ങിയ അദ്ദേഹം അവിടെ  നിന്ന് കൊണ്ട് ക്രിക്കറ്റിനും ഇന്ത്യന്‍ കായികമേഖലയ്ക്കും കൂടുതല്‍ കരുത്തു പകര്‍ന്നു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഇനി നടത്തുമെന്ന് പ്രതീക്ഷിക്കാം ...!

Sunday, October 14, 2012

ഇന്ത്യയും 20-20 യുംഫോണുകളുടെ ലോകത്ത് മൊബൈല്‍ ഫോണ്‍ വന്നതിനു ശേഷം ഉണ്ടായ ഒരു വിപ്ളവകരമായ   മാറ്റം പോലെ  എന്ന് വേണമെങ്കില്‍  പറയാം   ക്രിക്കറ്റിന്റെ ലോകത്തില്‍ 20-20 വന്നതിനു ശേഷം ഉണ്ടായത്.

ദിവസങ്ങള്‍ എടുത്തു കളിച്ചിരുന്ന ടെസ്റ്റും, ഒരു ദിവസം മുഴുവന്‍ സമയം കളയിപ്പിക്കുന്ന ഏകദിനവും കടന്നാണ്  ഏതാനും മണിക്കൂറുകള്‍ കൊണ്ട് കളിയുടെ ഫലം അറിയുന്ന 20-20  വന്നത് .  അനിശ്ചിതത്വത്തിന്റെ കളി ആയതു കൊണ്ട് ആര് ജയിക്കും എന്ന് പറയാന്‍ കളിയുടെ അവസാനം  വരെ കാത്തിരിക്കേണ്ടി വരുന്നത് കൊണ്ട് തന്നെ, ഇവിടെ ഒരു ടീമിനെയും കുറച്ചു കാണാന്‍ സാധിക്കില്ല. അല്ലെങ്കില്‍ വര്‍ഷങ്ങളായി ഏകദിനത്തിലെ രാജാക്കന്മാരായി  വിലസിയിരുന്ന ആസ്ട്രേലിയ , താരതമ്യേനെ ദുര്‍ബലരായ  ബംഗ്ളാദേശിനേക്കാള്‍  താഴെ റാങ്കിങ്ങില്‍ ഒരിക്കല്‍ വരില്ലായിരുന്നല്ലോ ..

നമ്മുടെ ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ എന്നും അഭിമാനിക്കാന്‍ വകയുള്ള ഒരു കാര്യം, ആദ്യ 20-20 യില്‍ തന്നെ ലോക കപ്പു കിട്ടി എന്നതിലാണ്,  മലയാളിയായ ശ്രീശാന്ത് അതിനു അവസാനത്തെ  കാരണം ആയി എന്നതില്‍ നമ്മള്‍ മലയാളികള്‍ക്കും അഭിമാനിക്കാം.

എന്നാല്‍  ഇന്ത്യയെപ്പോലെ ഒരു മൂന്നാം കിട രാജ്യത്ത് (എനിക്ക് ഒന്നാം കിടയാണെന്നു  പറയണമെന്നാഗ്രഹമുണ്ടെങ്കിലും മറ്റു പഹയന്മാര്‍ അംഗീകരിച്ചു തരുമെന്ന് തോന്നുന്നില്ല  )   മറ്റു പല പ്രവണതകള്‍ക്കും വിരോധാഭാസങ്ങള്‍ക്കും തുടക്കം  കുറിച്ചത് ഈ 20-20 ആണെന്ന് പറയേണ്ടി വരും.

അതില്‍ ഏറ്റം പ്രധാനമെട്ടത്‌ പണത്തിന്റെ ധൂര്‍ത്തിന്റെ  ഉത്സവമായ IPL  ആണ് .  'ഫ്രോഡ്' ആണെന്ന് ഇന്ത്യയിലെ എല്ലാരും കൂടി മുദ്ര കുത്തിയ  ലളിത്  മോധി  ആവിഷ്കരിച്ചു പരിപോഷിപ്പിച്ചു പോന്ന IPL ഇല്  നിന്ന് മോധി പുറത്തു പോകാന്‍ കാരണം മന്ത്രി സ്ഥാനത്തു  നിന്ന് നമ്മുടെ ഡല്‍ഹി നായരെ തള്ളി താഴെയിട്ടതോട് കൂടി തുടങ്ങിയ ശനിദശകളാണെന്ന് ആര്‍ക്കും കവടി നിരത്താതെ തന്നെ പറയാവുന്ന കാര്യമാണ് . 

കേരളത്തിനൊരു ടീം ഉണ്ടാക്കാന്‍ വേണ്ടി  ഇറങ്ങിത്തിരിച്ച് മന്ത്രിസ്ഥാനം കളഞ്ഞ ശശി തരൂരിനെ പക്ഷെ കേരളത്തിലെ കോണ്ഗ്രസ്സ്കാര്‍  കാര്യമായി സപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടുമില്ല. എന്തായാലും പിന്നീട് കേരളത്തിന്റെ സ്വന്തം ടീമായ കൊച്ചിയുടെ കൊമ്പന്‍മാര്‍ക്ക് ഒടുവില്‍ കൊമ്പു ഊരി വിറ്റു തടി തപ്പേണ്ടി വന്നു. അല്ലെങ്കിലും കേരളത്തെപോലെ  വിദ്യാസമ്പന്നമായ, ഇടതു ചായ്‌വുള്ള ഒരു സംസ്ഥാനത്തിന് ഈ പണത്തിന്റെ ധൂര്ത്തിനെ ഒരിക്കലും പരസ്യമായി അംഗീകരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. 

എന്തായാലും സാധാരണക്കാര്‍ക്ക്  ഒത്തിരി ഗുണപാഠങ്ങള്‍  ഇതില്‍ നിന്ന് പഠിക്കാനുണ്ട്. ഇതിനു വേണ്ടി ഏറ്റവും പണം ധൂര്‍ത്തടിച്ചു പിച്ചക്കാരനായ നമ്മുടെ മല്ലയ്യ. അതുപോലെ  വര്‍ഷങ്ങളായി കാത്തിരുന്നു ഒടുവില്‍ കപ്പു കിട്ടിയപ്പോ പരിസരബോധം മറന്നു നാണം കെട്ട നമ്മുടെ ഷാരൂഖ്‌ ഖാന്‍, അങ്ങനെ എത്രയെത്ര !

IPL സമ്മാനിച്ച ഹൃദയഭേദകമായ മറ്റൊരു കാഴ്ച, നമ്മള്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന നമ്മുടെ താരങ്ങള്‍ ചന്തയിലെ അറവപ്പശുവിനെ  പോലെ ലേലം ചെയ്യപ്പെടുന്നു! പണ്ടത്തെ പുലികളെ ആര്‍ക്കും വേണ്ടാ ചരക്കാക്കി ഉപേക്ഷിക്കുന്നു. ശരിക്കും മനുഷ്യന്‍ മൃഗങ്ങള്‍ക്ക് സമനാവുന്ന ദു:ഖകരമായ  കാഴ്ച .
പിന്നെ കാണുന്നത്  ഈ കളിയെ കൊഴുപ്പിക്കാന്‍ അല്പവസ്ത്രധാരികളായ തരുണിമണികളുടെ ആട്ടവും കോപ്രായങ്ങളും !

നമ്മള്‍ എന്തൊക്കെയോ എവിടുന്നൊക്കെയോ കടമെടുത്തു നമ്മുടെ പുതുതലമുറയെ പഠിപ്പിക്കുകയാണ്. മൂല്യങ്ങളില്ലാത്ത മൂന്നാംകിട കച്ചവടത്തിന്റെ നൈമഷികങ്ങളായ മേളക്കൊഴുപ്പുകള്‍ !! അവര്‍ നമ്മള് പഠിപ്പിക്കുന്ന വൃത്തികേടുകളല്ലേ പഠിക്കുക? പിന്നെ  ആരെ നമുക്ക് കുറ്റം പറയാന്‍ സാധിക്കും ?

ഏറ്റവും വലിയ വിരോധാഭാസം ലോകത്തില്‍ ഏറ്റവും അധികം പട്ടിണിപ്പാവങ്ങളുള്ള  നമ്മുടെ നാട്ടില്‍ നടക്കുന്ന ഈ IPL, ക്രിക്കറ്റിന്റെ ലോകത്തിലെ ഏറ്റവും വലിയ പണക്കൊഴുപ്പിന്റെ  ആര്ഭാടമാണ് എന്നുള്ളതാണ് ! എനിക്ക് തോന്നുന്നത് അതുകൊണ്ട്  തന്നെയായിരിക്കും ക്രിക്കറ്റ് മതവും ദൈവവും ആയിട്ടുള്ള ഇന്ത്യയില്‍ പക്ഷെ ആദ്യ 20-20  ലോക കപ്പിന് ശേഷം സെമി പോലും കാണാതെ ഇന്ത്യക്ക് നാണംകെട്ടു പുറത്തു  പോകേണ്ടി വരുന്നത്.  ഇതാ ഒടുവില്‍ ഈ 2012 ലെ കളിയില്‍ പോലും! കാരണം ദൈവം പാവങ്ങളുടെ പ്രാര്‍ത്ഥന അല്ലെ കേള്‍ക്കേണ്ടത് ?അല്ലാതെ ധൂര്‍ത്തന്മാരുടെ അല്ലല്ലോ !

ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്, ഇത്തരത്തില്‍ ധൂര്‍ത്ത് കാണിക്കാന്‍ വരുന്ന ആള്‍ക്കാരില്‍ നിന്നും നല്ലൊരു ശതമാനം കാശ്  പാവങ്ങളെ പുനരധിവസിപ്പിക്കാനോ  അവരുടെ പട്ടിണി മാറ്റാനോ ആയി വാങ്ങി ചിലവഴിക്കാന്‍ വ്യവസ്ഥ ഉണ്ടാക്കണം, അത് പോലെ ഇതിലെ അധികധൂര്‍ത്ത് അവസാനിപ്പിക്കണം. എങ്കില്‍ എനിക്ക് തോന്നുന്നു അടുത്ത തവണയെങ്കിലും ഇന്ത്യക്ക് 20-20 യുടെ ഫൈനലില്‍ കാലു കുത്താമാമെന്ന്. കാരണം പാവങ്ങളുടെ പ്രാര്‍ത്ഥന അപ്പോള്‍ അവര്‍ക്കൊപ്പമുണ്ടാകും ഉറപ്പു !
(
കഴിഞ്ഞ ലക്കം  മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ മഴവില്ല്‍  http://www.mazhavill.com/    മാഗസീനില്‍ പ്രസിദ്ധീകരിച്ചത് /ചിത്രങ്ങള്‍ :ഗൂഗിള്‍ )

Thursday, July 26, 2012

ഒളിമ്പിക്സ് - പറയാതെ പറയുന്നത് ..!
ഒളിമ്പിക്സിനെക്കുറിച്ച് സ്കൂളില്‍ വച്ച് തന്നെ നമ്മളെല്ലാരും പഠിക്കുന്നത് കൊണ്ട് മിക്കവര്ക്കും അതിന്റെ ചരിത്രം അറിയാം. ഒളിമ്പിക്സ് എന്ന്  ഓര്മ്മെയില്‍ പരതുമ്പോ  ഈ കഴിഞ്ഞയിടെ വരെ ആദ്യമോടിയെത്തിയത്  കഴിഞ്ഞ ഒളിമ്പിക്സില്‍ 'ലോകത്തെ', ഉത്ഘാടന മേളയില്‍ ഞെട്ടിച്ച ചൈനയുടെ ബീജിംഗ് ഒളിമ്പിക്സ് ആണ്. ഒടുവില്‍  മത്സരങ്ങള്‍  കഴിഞ്ഞപ്പൊ, മെഡല്‍ നിലയില്‍  നമ്മളെ ഞെട്ടിച്ചു ചൈന ഒന്നാമതെത്തിയതും ഇന്നലെ പോലെ വ്യക്തമായി ഓര്ക്കുന്നു.

അതിനു മുന്നിലെ എതെന്സും  സിഡ്നിയും ബാര്സലോണയും അറ്റ്ലാന്റയും അങ്ങനെ അങ്ങനെ ഓര്മ്മകള്‍ കുറഞ്ഞു കുറഞ്ഞു ചരിത്രത്തില്‍ പഠിച്ച ആധുനിക  ഒളിമ്പിക്സിന്റെ ആദ്യ വേദിയായ എതെന്സും പിന്നെ പ്രാചീന ഒളിമ്പിക്സും ഒക്കെ ഓരോരുത്തരുടെയും മനസ്സിലൂടെ കടന്നു പോകും.

ചൈന മനസ്സില്‍ കുറിച്ചിട്ടതിനേക്കാള്‍ ആഴത്തില്‍ അതിനേക്കാള്‍ നിറക്കൂട്ടില്‍  ഒളിപിക്സിന്റെ ഓര്മ്മ  മനസ്സില്‍ നിറച്ചു വെച്ച്  ഇതാ ലണ്ടനും...!

കൂടുതല്‍ വേഗത്തില്‍ , ഉയരത്തില്‍ കരുത്തില്‍   എന്ന മുദ്രാവാക്യവുമായി അക്ഷരാര്ത്ഥത്തില്‍  കായിക യുദ്ധത്തിനിറങ്ങുന്ന രാജ്യങ്ങള്‍,  ഏറ്റവും നീതിപൂര്‍വ്വവും നിക്ഷ്പക്ഷവുമായ കളികളിലൂടെ, ജയിച്ചാല്‍  രാജ്യത്തിന്റെ യശസ് ഉയര്ത്തുക മാത്രമല്ല, ലോകത്തിന്റെ മുന്നില്‍ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.

ജനവാസമുള്ള 5 ഭൂഖണ്ടങ്ങളെയും ലോകരാജ്യങ്ങളുടെ പതാകകളെയും (ഒരു നിറമെങ്കിലും) പ്രതിനിധീകരിച്ചുള്ള 5 വളയങ്ങളും പതാകയിലുള്ള  ഒളിമ്പിക്സ് ശരിക്കും ഒരു സിംബോളിക് മത്സരമാണ്. യുദ്ധമില്ലാതെ ലോകശക്തിയെ കണ്ടെത്തുന്ന തീവ്രവും ശക്തവുമായ കായിക മാമാങ്കം !

ക്രമം പോലെ അമേരിക്കയും (പണ്ടത്തെ) സോവയിറ്റ് യുണിയനും ഒക്കെ  ഒന്നും രണ്ടും സ്ഥാനങ്ങള്‍  മാറിമാറി  പങ്കിടുന്ന കാലത്ത് നിന്നും .കഴിഞ്ഞ തവണയൊഴിച്ചു അതിന്റെ മുന്പുള്ള 4 തവണയും അമേരിക്ക ഒന്നാം സ്ഥാനത്തായിരുന്നു. (ലോകശക്തിയിലും ...!). എന്നാല്‍ ഈ സമയത്ത് ചൈനയുടെ കടന്നു കയറ്റം കൂടി നാം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.. പടിപടിയായി ചൈന ഓരോ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 2008 ല്‍ ഒന്നാം സ്ഥാനത്തെത്തി !

അമേരിക്കയുള്പ്പടെ ചൈനയുടെ വളര്ച്ചയെ കാലേകൂട്ടി പ്രവചിച്ചതായിരുന്നു.  ചൈന 2025 ലും ഇന്ത്യ 2050 ലും ലോക ശക്തിയാകുമാത്രേ !

ചൈന അത് തെളിയിച്ചു പ്രവചിച്ചതിലും ഏകദേശം 7 വര്ഷങ്ങള്ക്കു് മുന്പ് തന്നെ.. ഇപ്പൊ അമേരിക്കയെ ഉള്പ്പെടെ സാമ്പത്തികമായി സഹായിക്കാനും മാത്രം വളര്ന്ന ചൈനയെക്കണ്ട് ഇന്ത്യ പഠിക്കണം. ഒത്തിരി ഒത്തിരി..

മടിയന്മാര്ക്കും അഴിമതിക്കാര്ക്കും പറുദീസയായി പ്രഘോഷിക്കപ്പെടുന്ന ഇന്ത്യ .. നിശ്ചയദാര്ഢ്യത്തോടെ , ലക്ഷ്യബോധത്തോടെ  നീങ്ങിയാല്‍  ഒളിമ്പിക്സില്‍ മാത്രമല്ല .. ലോകത്തിലെ ശക്തികളിലും ഒന്നാമതെത്താന്‍ ഇനി നാല്പ്പതു വര്ഷം കാത്തിരിക്കേണ്ടി വരില്ല..

എന്നാല്‍ ചാനലുകളുടെ മുന്നില്‍ പരസ്പരം ചെളിവാരിയെറിയുകയും ഇരുട്ടിന്റെ  മറവില്‍ കള്ളന്മാരുമൊത്ത്ചേര്ന്ന്   ജനങ്ങളെ കവര്ന്ന് മുതല്‍ ഒന്നിച്ചു പങ്കിട്ടെടുക്കുന്ന രീതി തുടരാനാണ് ഭാവമെന്കില്‍, ഈ നൂറ്റാണ്ടില്‍ മാത്രമല്ല ഒരിക്കലും ഇന്ത്യക്ക് മുന്നേറാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.

“കണ്ടറിഞ്ഞു” വിശ്വാസം വന്നുവെന്ന് തോന്നുന്നു -കായികതാരങ്ങള്ക്കും  സര്ക്കാരിനും. അഭിനവ് ബിന്ദ്ര 2008ല്‍ ആദ്യ വ്യക്തിഗത സ്വര്ണം നേടിയതിനൊപ്പം    മെഡലുകളുടെ കാര്യത്തില്‍   ഇന്ത്യ ഒരു കുതിച്ചു ചാട്ടം നടത്തി. ഇപ്പോഴും പ്രതീക്ഷയ്ക്ക് വകയുണ്ട്, ബോക്സിങ്ങിലും, ഗുസ്തിയിലും, ഷൂട്ടിങ്ങിലും അമ്പെയ്തിലും ബാറ്റ്മിന്റനിലും ഒക്കെ.

എന്തായാലും സായി ( Sports Authority of India ) "വിഷന്‍ 2020" (vision 2020) എന്ന പദ്ധതിയ്ക്ക് വേണ്ടി 1000 കോടി രൂപ മുടക്കി 13-15 വയസ്സ് വരെയുള്ള കുട്ടികളില്‍ നിന്ന് കഴിവുള്ള കുട്ടികളെ തിരഞ്ഞെടുത്തു 2020 ലെ ഒളിമ്പിക്സിനു വേണ്ടി പരിശീലിപ്പിക്കാനാണ് ഇപ്പോള്‍   തുടക്കം കുറിച്ചിരിക്കുന്നത്..

ഇന്ത്യ കൂടുതല്‍ മെഡലുകള്‍ നേടട്ടെ.!, പ്രചോദനമാകട്ടെ സര്ക്കാരിനും വളര്ന്നു വരുന്ന കായികതാരങ്ങള്ക്കും..!!!Sunday, June 24, 2012

ബഹുമാനപ്പെട്ട ഉമ്മന്‍ ചാണ്ടി വായിച്ചറിയാന്‍……!


സാറിനൊപ്പം ഞങ്ങളും ഞെട്ടലോടെയാണ് ആ സത്യം ഇപ്പോള്‍ ഔദ്യോഗികമായി കേള്‍ക്കുന്നത് "ഇന്ത്യയിലെ No1. ഭീകര സംസ്ഥാനമാണത്രേ  നമ്മുടെ സ്വന്തം.., അല്ല ദൈവത്തിന്റെ സ്വന്തം നാട് കേരളം..!"

അതായത്  കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നും, സ്ത്രീകള്‍ക്കൊന്നും പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല എന്നത്  അംഗീകരിക്കേണ്ട സത്യമാണെന്നും ..! പിന്നെ അതിവേഗം സ്മാര്ട്ടായിക്കൊണ്ടിരിക്കുന്ന കൊച്ചിയാണത്രേ ഇന്ത്യയിലെ ഏറ്റവും ഭീകര നഗരവും. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2010 കണക്കാണ്  ഇതെന്നത് കൊണ്ട്  ഇതിന്റെ കാരണക്കാരന്‍  കഴിഞ്ഞ വര്ഷം അധികാരത്തില്‍ കയറിയ സാറിന്റെ സര്‍ക്കാരല്ല എന്നറിയാം എങ്കിലും എന്തെങ്കിലും ഇന്ന് ചെയ്യാന്‍ സാധിക്കുന്നത് സാറിന് മാത്രമാണെന്ന് പൂര്‍ണ്ണ ബോധ്യമുള്ളത്  കൊണ്ട് ഈ കത്തെഴുതുന്നത്.

പാവങ്ങളുടെ സ്വന്തം സര്‍ക്കാര്‍  എന്നവകാശപ്പെടുന്ന ഇടതു പക്ഷ സര്‍ക്കാര്‍ പ്രത്യേകിച്ച് അച്യുതാനന്തന്‍ സര്‍ക്കാരിന്  ചെയ്യാന്‍ പറ്റാത്ത കാര്യം (പെട്രോളിന്‍റെ) അധികലാഭം വേണ്ടെന്നു വെച്ച്  ഞെട്ടിച്ചു കൊണ്ട് ഭരണത്തില്‍ കയറിയ അങ്ങ്,  വര്‍ഷങ്ങളോളം നീണ്ട് നിന്ന ചെങ്ങറ സമരം ഒരു ലളിതമായ ചര്‍ച്ചയില്‍ തന്നെ അവസാനിപ്പിച്ചപ്പോള്‍  ഞങ്ങളുടെ ഞെട്ടലിന്റെ ആക്കം വര്‍ദ്ധിച്ചു, കാരണം ഇതല്ലേ കമ്മ്യുണിസ്റ്റ്‌ ഭരണം എന്നത് കൊണ്ട് ജനങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് പോലും ചിന്തിച്ചു പോയി..!  നിര്‍ഭയമായി ജീവിക്കാനുള  ജനങ്ങളുടെ അവകാശത്തിനും താങ്കളുടെ വലിയ ഇടപെടല്‍ പ്രതീക്ഷിക്കട്ടെ ?

ശ്രീ ചിറ്റിലപ്പള്ളിയെ പോലെ മനുഷ്യസ്നേഹത്തിന്റെ പേരില്‍  ഓപ്പറേഷന് ശേഷമുള്ള കഠിനമായ റെസ്റ്റ് പോലും വക വെക്കാതെ  നോക്ക്കൂലിക്കെതിരെ പോരാടിയത് കണ്ടു കണ്ണ് നിറഞ്ഞവരാണ് ഞങ്ങള്‍..

ഇന്ന് വേറൊരു സഹോദരനെ, അതും ഒരു നേതാവിനെ, മനുഷ്യന്‍ കേട്ടിട്ട് കൂടിയില്ലാത്തത്ര മൃഗീയമായി കൊന്നിട്ട് അതിനെ നിസ്സാരാമായി ന്യായികരിക്കുന്ന ഹൃദയമില്ലാത്തവരുടെ രാജ്യത്ത്‌ ഞങ്ങള്‍ എങ്ങനെ മനസമാധാനമായി വന്നു താമസിക്കും ?

ഇലക്ഷന്‍  കഴിഞ്ഞു അങ്ങ് ഒരു ചാനലിന് കൊടുത്ത ഇന്റര്‍വ്യു ഞാന്‍ ഓര്‍ക്കുന്നു അന്യനാട്ടില്‍ മരുഭൂമിയില്‍  ചെന്ന്  ഞങ്ങള്‍ കഷ്ടപ്പെടുന്നതിന്റെ കാരണക്കാരില്‍ താങ്കളും പെടുന്നതില്‍ കുറ്റബോധമുണ്ടത്രേ.. ഇവിടെ കഷ്ട്പ്പെട്ടു ജീവിക്കുന്നവനും സമാധാനമായി കിടന്നുറങ്ങാം, ഇതൊരു ജനാധിപത്യരാജ്യമല്ലായെങ്കില്‍ കൂടി. ഞങ്ങള്‍ എങ്ങനെ സമാധാനമായി അവിടെ വന്നു ജോലി ചെയ്യും ? ഒരു തസ്നിബാനു മാത്രം വേറിട്ട്‌ നിന്നിട്ടുണ്ടാകാം, നീതി കിട്ടിയിട്ടുണ്ടാകാം. എന്നാല്‍ എത്ര തസ്നിബാനുമാരുടെ കഥ ഇവിടെ പുറത്ത്‌ വന്നിട്ടേയില്ല !!!

ശ്രീ ടി പി യുടെ മരണം  വ്യത്യസ്തമായാത്  പോലെ തന്നെ ഇതിനു ശേഷം വരുന്ന മാറ്റങ്ങളും വിത്യസ്തമായിരിക്കണം. നിങ്ങള്‍ ആര് ഭരിച്ചാലും ഇവിടെ ജനങ്ങള്‍ക്ക്  നിര്‍ഭയമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം  ഉണ്ടാകണം. സ്വന്തം ജോലി നിര്‍ഭയമായി ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കണം. ഭയമില്ലാതെ  സ്വന്തം മക്കളെ ഒറ്റയ്ക്ക് സ്കൂളിലേക്കും മറ്റും വിടാനുള്ള അന്തരീക്ഷം ഉണ്ടാകണം.

ഫോണ്‍ വിളിച്ചാല്‍  വീട്ടില്‍ വന്നു കേസെടുക്കാനുള്ള പ്രഖ്യാപനം ഒക്കെ കണ്ടു  നല്ലത് തന്നെ.. ഭയമില്ലാതെ നീതി കിട്ടുമെന്ന് ഉറപ്പോടെ എത്ര പേര്‍ പോലീസില്‍ പരാതി പറയാറുണ്ട്‌ ? നിഷ്പക്ഷമായി ജനങ്ങളോട് ഇടപെടുന്ന എത്ര പോലീസ്‌കാരുണ്ട്‌ നമ്മുക്ക്?

എന്നാല്‍ ഇപ്പോള്‍ കേരളാ പോലീസിനുണ്ടായ ഈ നേട്ടത്തെ ഒട്ടും കുറച്ചു കാണുന്നില്ല. കൊടിസുനിയെയും കൂട്ടാളികളെയും വിദഗ്ദ്ധമായി പിടിച്ച ഷൌക്കത്ത്അലി പോലീസിനു എന്നും ഒരുമുതല്‍ക്കൂട്ടായിരിക്കും. 51 ദിവസത്തിനകം കേസിലെ മുഖ്യ കണ്ണികളെ ഒക്കെ അകത്താക്കിയ കേരളാ പോലീസ്‌ മൊത്തത്തിലും അഭിനന്ദനം അര്‍ഹിക്കുന്നു.

പക്ഷപാതം കാണിക്കുന്ന, പോലീസിനപമാനം വരുത്തുന്നവരെ ഒക്ക മാറ്റി ആദ്യം പോലീസില്‍ ഒരു വന്‍ അഴിച്ചുപണി  നടത്താമെങ്കില്‍, മാധ്യമങ്ങളുടെ അമിത ഇടപെടലുകള്‍ നിയമത്തിലൂടെ നിയന്ത്രിച്ചു ഓരോ കുറ്റവും ഓരോ കുറ്റവാളിയെയും അവരെത്ര തന്നെ ഉന്നതരാണെങ്കിലും കര്‍ശനമായ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നു അവര്‍ക്കര്‍ഹിക്കുന്ന ശിക്ഷ മാതൃകാപരമായി വേഗത്തില്‍ നടപ്പാക്കുമെങ്കില്‍  പേടിയോടെയല്ലാതെ ഞങ്ങള്‍ക്ക് കേരളത്തെ സ്നേഹിക്കാം.. മുകളിലെ കണക്കുകള്‍ നമുക്ക്‌ വെറും ഒരു പഴങ്കഥയായി ബാക്കി നിര്‍ത്താം.

ഈ സംഭവം ഒരു തിരിച്ചറിവാകട്ടെ നിങ്ങള്‍ക്കും അവര്‍ക്കും (പോലീസിനും) പിന്നെ എല്ലാവര്ക്കും ..

ഒത്തിരി ഒത്തിരി പ്രത്യാശയോടെ ഒരു പ്രവാസി

Thursday, May 17, 2012

ഇടുക്കിയുടെ മിടുക്കിയും മലയാളത്തിലെ കോടീശ്വരന്‍ ഷോയുംഇതിനിടെ കേരളക്കരയിലെ സംസാരവിഷയമായ "നിങ്ങള്‍ക്കും ആകാം കോടീശ്വരനിലെ" ജീവിതത്തെ മാറ്റി മറിക്കാവുന്ന “ആ ഒരൊറ്റ ചോദ്യം” (15 മത്തെ ചോദ്യം :)) നേരിട്ട ഏക വ്യക്തിയാണ് ഈ ചേച്ചി. പറ്റുമെങ്കില്‍ ഇതിന്റെ മുഴുവന് യൂട്യൂബ് വീഡിയോ ഒന്ന് കണ്ടു നോക്കണം അപ്പൊ മനസ്സിലാകും ഈ ചേച്ചി എങ്ങനെയാണ് മിടുക്കിയായതെന്ന്.  മത്സരിക്കാന്‍ ഉള്ള ഹോട്ട് സീറ്റില്‍ വരാന്‍ തിരഞ്ഞെടുക്കപ്പെട്ടു വന്നപ്പോള്, സുരേഷ് ഗോപി "ആര്‍ യു റെഡി" എന്ന് ചോദിച്ച ചോദ്യത്തിനു  ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ "ആര്‍ യു റെഡി" എന്ന് തിരിച്ചു ചോദിച്ച കാഴ്ച കണ്ടപ്പോള്‍ പലരും കരുതി ഇത് വെറുതെ സമയം കളയാന്‍ വന്ന ഏതോ ഒരാള്‍ മാത്രമായിരിക്കും എന്ന്. എന്നാല്‍ സീറ്റില്‍ വന്നതിനു ശേഷമാണ് ആളെക്കുറിച്ചും ആളിന് കാശിന്റെ അത്യാവശ്യത്തെക്കുറിച്ചും നമുക്ക് ബോധം ഉണ്ടാകുന്നത്..

******************************************************
ഇനി നമുക്ക് ഈ കളിയുടെ പിന്നിലെ കളികളിലേക്കും കാര്യത്തിലേക്കും വരാം. ബിഗ്‌ ബിയുടെ അവതരണത്തിലൂടെ ഇന്ത്യയില്‍ വന്‍പ്രചാരം നേടിയ കോടീശ്വരന്‍ ഗെയിമിന്റെ ശരിക്കുള്ള "ത്രില്ല്" ജനിപ്പിച്ച ഒരു സിനിമയായിരുന്നു ജയറാം നായകനായ “വണ്‍ മാന്‍ ഷോ”. എന്നാല്‍ കളി നടത്ത്തുനവന്റെ ശരിക്കുള്ള ആഗ്രഹം കാശ് കൊടുക്കുകയല്ല കൊടുക്കാതിരിക്കുകയാണ് എന്ന് മനസ്സിലാകണമെങ്കില്‍ ഡാനി ബോയലിന്റെ "സ്ലം-ഡോഗ് മില്ലിനയര് " ‍തന്നെ കാണണം.!  "വെറുതെ കാശ് കൊടുക്കാന്‍ ഒരു 'ബില്‍ ഗേറ്റ്സിനും' ഇഷ്ടമുണ്ടാകില്ല , പ്രത്യേകിച്ചു കൊടുക്കുന്ന കാശിനു അല്പം കനമുണ്ടെങ്കില്‍..! അങ്ങനെയെങ്കില്., കോടീശ്വരന്‍ ഒരു ശരിക്കുള്ള ഗെയിം ആണെങ്കില്‍ , കാശ് നേടാന്‍ വന്ന ആളിനോട്‌ മത്സരിക്കുന്ന ആള്, കാശ് കൊടുക്കാതിരിക്കുന്നതിനു തന്നെയായിരിക്കും കളിക്കുന്നത്.. എന്ന് വെച്ചാല്‍ സുരേഷ് ഗോപിക്കും സുരേഷ് ഗോപിയെ മുന്നില്‍ വെച്ചു കളിപ്പിക്കുന്ന കളിയുടെ പിന്നണിക്കാര്‍ക്കും (ഏഷ്യാനെറ്റ്‌- കോണ്ഫിഡന്റ് ) ആത്യന്തികമായി കാശ് (വലിയ തുകയുടെ കാശ്) കൊടുക്കാതിരിക്കുക എന്നത് തന്നെ ലക്‌ഷ്യം..


 സിനിമാക്കാരുടെ ഇടയിലെ മാന്യനും നല്ല മനസ്സിന്റെ ഉടമയുമായ സുരേഷ് ഗോപിയെ തന്നെ ഇതിന്റെ അവതാരകനായി കൊണ്ടുവന്നതിനാല്‍ ഇതിന്റെ അണിയറക്കാര്‍ ഒരു പരിധി വരെ വിജയിച്ചു എന്ന് തന്നെ പറയാം .. കാരണം സുരേഷ് ഗോപി പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കും.. കളിയും ചിരിയും , കാര്യവും കരച്ചിലും ഒക്കെയായി അതിഭാവുകത്വമില്ലാതെ മുന്നോട്ടു പോകുന്ന കളിയില്‍ കളിക്കാന്‍ വരുന്നവര്‍ക്ക് ആത്മാര്‍ഥമായി കാശ് കൊടുക്കാന്‍ താല്‍പര്യം ഉണ്ടെന്നു തോന്നിപോകും.. എങ്കിലും ആദ്യത്തെ പതിനായിരം രൂപ വരെ കൊടുക്കുന്നതില്‍ ‍ ഒരു മടിയും കാണിക്കില്ല എന്നത് സത്യം. കാരണം പ്രൈം ടൈമില്‍ ഇത്രയേറ റേറ്റിങ്ങില്‍ ഇതിന്റെ പരസ്യങ്ങളില്‍ കൂടി കിട്ടുന്ന കാശിനു കണ്ണ് കിട്ടാതിരിക്കാന്‍ അവരത്രയെങ്കിലും ചെയ്യണ്ടേ..!
കളിയുടെ അവസാനം ചോദ്യങ്ങളുടെ കാഠിന്യവും കൂടുന്നതില്‍ ഒരതിശയോക്തിയും ഇല്ല..

പലരും ഇവിടെ വന്നു കളിച്ചു പോകുമ്പോള്‍, അതില്‍ പലപ്പോഴും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ നേരിട്ട് കാണാന്‍ സാധിക്കാറുണ്ട്.. ഏതാനും മിനിട്ടുകള്‍ മാത്രമേ സീറ്റില്‍ ഇരിക്കാറുള്ളെങ്കിലും .. ആ ചെറിയ സമയം കൊണ്ട് കാശ് എങ്ങനെ കയ്യില്‍ വരുന്നു എന്നും പോകുന്നു എന്നും ചിലര്‍ക്ക് അത് ജീവിതത്തെ എത്രമാത്രം മാറ്റി മറിക്കാന്‍ സഹായിക്കുമെന്നും എന്നും നമ്മള്‍ മനസ്സിലാക്കുന്നു. കളിക്കാന്‍ വരുന്നവര്‍ക്ക് പ്രിയ താരത്തോട് പറയാനുള്ള ആവശ്യങ്ങള്‍ പലതാണ് ചിലര്‍ക്ക് ഇഷ്ട താരത്തിന്റെ ഒരുമ്മ , ഒരു കെട്ടിപ്പിടിത്തം , ഒരു പാട്ട്.. അങ്ങനെ പലതും…. ഒക്കെ സുരേഷ് ഗോപി ഒരു ജാഡയുമില്ലാതെ സാധിച്ചു കൊടുക്കാറുണ്ട്.. എങ്കിലും എല്ലാ മലയാളികളും ഒരേ സ്വരത്തില്‍ പറയുന്ന " ദേ പോയി .. ദാ വന്നൂ .." ഒന്നൊഴിവാക്കിത്തന്നാല്‍ .. അല്ലെങ്കില്‍ വേറൊരു രീതിയില്‍ ബ്രേക്ക്‌ എടുത്തിരുന്നെങ്കില്‍ ഒത്തിരിയേറെ നന്നായേനെ എന്ന്. കളിയില്‍ പങ്കെടുക്കാത്തവരുടെയും ആഗ്രഹങ്ങള്‍ സാധിച്ചു തരുമെങ്കില്‍ .. ഗോപിച്ചേട്ടാ…, സ്നേഹത്തോടെ പറയട്ടെ.. അത് വതമാണ്, അതൊന്നു മാറ്റി പരീക്ഷിച്ചു കൂടെ.. പ്ലീസ്   ..!

******************************************************
അപ്പം നമ്മുക്ക് ഇടുക്കിയുടെ മിടുക്കിയിലേക്ക് തിരികെ വരാം..

കളിയുടെ ആവേശം അറിയെണമെങ്കില്‍ നിങ്ങള്‍ ഇതിന്റെ വീഡിയോ കാണുക.


കണ്ടതില്‍ എനിക്കൊരു കാര്യം മനസ്സിലായത്‌.. യാതൊരു അവകാശവാദവും ഇല്ലാതെ കളിക്കാന്‍ വന്ന അവര്‍ , സര്‍ക്കാരിന്റെ വാടക വീട്ടില്‍ നിന്നും സ്വന്തമായ ഒരു മേല്‍വിലാസത്തില്‍ എത്താന്‍ നടത്തിയ പരിശ്രമത്തില്‍ , PSCയ്ക്ക് വേണ്ടി പഠിച്ചത് പ്രയോജനപ്പെടുത്തിയെങ്കിലും ഓരോ നിമിഷവും ദൈവത്തെ ആത്മാര്‍ഥമായി വിളിച്ചിരുന്നു എന്നും പരസ്യമായി തന്നെ ദൈവത്തിനു നന്ദി പറയുന്നതില്‍ ഒരു മടിയും കാണിച്ചിരുന്നില്ല എന്നുമാണ്. അവസാന നിമിഷം 50 ലക്ഷം തിരിച്ചു പിടിക്കാന്‍ പിന്നണിക്കാര്‍ നടത്തിയ വളരെ ബുദ്ധിപരമായ എളുപ്പമെന്നു തോന്നിപ്പിക്കുന്ന ചോദ്യത്തിലെ ചതി മനസ്സിലാക്കി തിരികെ വരണമെങ്കില്, ശരിക്കുള്ള വിവേചനാബുദ്ധിയോടെ അവിടെ പ്രതികരിക്കണമെങ്കില്‍ ‍ അതിനു ദൈവത്തിന്റെ ഒരനുഗ്രഹം ഉണ്ടെന്നു കരുതിയെ മതിയാകൂ..ഇതൊരു കളിയുടെ കാര്യമല്ലേ ,, അപ്പം നിങ്ങള്ക്ക് നിങ്ങളുടെ യുക്തി പൂര്‍വ്വം ഇതിനെ കളിയായോ കാര്യമായോ എടുക്കാം.. പക്ഷെ സ്വന്തം ജീവിതത്തില്‍ ആലോചിച്ചു മാത്രം തീരുമാനിക്കുക.. .... :)


ഒത്തിരി സ്നേഹത്തോടെ ....