Monday, December 7, 2015

34 כ മത് ഷാര്ജ അന്താരാഷ്ട്ര പുസ്തകമേളയിൽ സ്വന്തം പുസ്തവുമായി എത്തിയ ബ്ലോഗർമാർ !


     ഇക്കഴിഞ്ഞ  ഷാര്ജ അന്താരാഷ്ട്ര പുസ്തകമേള മുൻവര്ഷങ്ങളെ അപേക്ഷിച്ച് ചില തിരിച്ചറിവുകൾ നല്കുന്ന പുസ്തകമേളയായിരുന്നു.  പ്രധാനമായി രണ്ടു കാര്യത്തിൽ .

  1.  ബ്ലോഗിൽ പിച്ചവെച്ചു വളർന്നവരൊക്കെ വലിയ എഴുത്ത്കാരാകുന്നതും അതിന്റെ പൂർണ്ണതയിൽ പുസ്തകം ഇറക്കി എഴുത്തിൻറെ ലോകത്ത് , പ്രത്യേകിച്ച് മലയാള സാഹിത്യത്തിൽ സ്വന്തം മേൽവിലാസം എഴുതി ചേർക്കുന്നതുമായ മനം കുളിർക്കുന്ന കാഴ്ച . 
  2.  ഷാർജ അന്താരാഷ്ട്ര പുസ്തമേള അതിൻറെ ഖ്യാതിയിലും പ്രാധാന്യത്തിലും ഈ സ്ഥലത്തെ ഏറ്റവും വലിയ പുസ്തക മേളയായി വളർന്നു എന്നും ഇന്ത്യക്ക് പ്രത്യേകിച്ച് മലയാളത്തിനു അവർ വലിയ പ്രാധാന്യം നല്കുന്നു എന്നതുമാണ്‌. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിവിധ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ഗള്ഫ് നാടുകളിൽ നിന്ന് പ്രവാസികളായ എഴുത്തുകാർ തങ്ങളുടെ പുസ്തകം പ്രകാശനം ചെയ്യാൻ ഈ മേളയെ തന്നെ തിരഞ്ഞെടുക്കുന്നു എന്നത്.
ബ്ലോഗ്‌ അത് സജീവമായിരുന്ന കാലത്ത് നല്ലൊരു എഴുത്ത് സംസ്കാരം കെട്ടിപ്പടുക്കാൻ സഹായിച്ചു. ഒപ്പം തമ്മിൽ തമ്മിൽ പ്രോത്സാഹിപ്പിക്കാനും വിമർശിക്കാനും നല്ല രചനകളെ ബ്ലോഗിന്റെ അതിർവരമ്പുകൾക്കപ്പുറത്തേക്കെത്തിക്കുവാനും അതിലുമുപരി നല്ലൊരു സൌഹൃദകൂട്ടായ്മ ഉണ്ടാക്കിയെടുക്കുവാനും ഈ ബ്ലോഗ്‌ സംസ്കാരം വലിയ സഹായമാണ് ചെയ്തത്. ഹൃദയകീർത്തനം ഇറക്കാൻ ബ്ലോഗ്‌കാലം തന്ന വലിയ പ്രചോദനം സന്തോഷത്തോടെ ഓര്ക്കുന്നു . ഒരു പക്ഷെ പല ബ്ലോഗുകളും ഇന്ന് നിർജ്ജീവാമാണെങ്കിലും അന്ന് രൂപപ്പെട്ട നല്ല സൌഹൃദങ്ങൾ ഇന്നും പച്ച പിടിച്ചു നിൽക്കുന്നു എന്നത് വലിയ സന്തോഷം നല്കുന്ന കാര്യമാണ്. ഈ സൌഹൃദത്തിനു കേരളവും മലയാളിയും എന്നതല്ലാതെ , ജാതിയോ മതമോ പ്രായാമോ ജില്ലയോ ഒന്നും ഒരിക്കലും ഒരു തടസ്സവുമായിട്ടില്ല എന്നത് ഈ സന്തോഷം പതിൻമടങ്ങ് വർദ്ധിപ്പിക്കുന്നു. അന്നത്തെ ബ്ലോഗിലെ പുലികളൊക്കെ തങ്ങളുടെ എഴുത്ത് മുഖപുസ്തകത്തിലേക്ക് പറിച്ചു നട്ടതോട് കൂടി പോസ്റ്റുകളുടെ എണ്ണം കൂടുകയും എന്നാൽ എഴുത്തിന്റെ വലിപ്പം കുറയുകയും ചെയ്തു . ബ്ലോഗ്‌ വായിക്കുനവരുടെ മാത്രം വായനയിൽ ഒതുങ്ങാതെ അവരുടെ ഏഴുത്ത് വിശാലമായ വലിയ ലോകത്തേക്ക് എത്താൻ ഇത് സഹായിച്ചു എന്നത് വലിയ നേട്ടമായി കാണുന്നു. മലയാളത്തിലെ ബെസ്റ്റ് സെല്ലെർ ക്ലാസിക്കുകളുടെ റിക്കാർഡുകൾ തകർത്ത ആട് ജീവിതം ഉണ്ടായ അതേ മണലാരണ്യമാണ് ഒരു പക്ഷേ കേരളത്തിന്റെ സമ്പത്ത്ഘടനയെ താങ്ങി നിർത്തുന്നതിനൊപ്പം പരിധികളില്ലാതെ മലയാളഭാഷയെ ഏറ്റവും പരിപോഷിപ്പിക്കുന്ന ഓണ്‍ലൈൻ എഴുത്തുകാരുടെ വിളനിലവും. എക്കാലത്തെയും വലിയ എഴുത്തുകാരെ നേരിട്ട് കാണുവാനും ചിലരേയൊക്കെ പരിചയപ്പെടാനും സാധിച്ച അതേ പുസ്തകമേളയിൽ പ്രിയ സുഹൃത്തുകളുടെ പുസ്തകങ്ങൾ ഇത്തവണ പ്രകാശനം ചെയ്യപ്പെടുകയും വിതരണത്തിനെത്തുകയും ചെയ്യുന്നു എന്നത് വലിയ സന്തോഷമാണ്.

 (നവംബർ ഒന്നിന് പോസ്റ്റ്‌ ചെയ്ത ആമുഖ പോസ്റ്റ്‌ )

*****************************************************************************************************************************************************
(നവംബർ രണ്ട് -  ജോസ് ലെറ്റ്‌ ജോസഫ്‌| പുസ്തകം - സൂപ്പർ ജങ്കിൾ റിയാലിറ്റി ഷോ)
ഇത്തവണ ഷാർജ പുസ്തകമേളയിൽ സ്വന്തം പുസ്തകങ്ങളുമായി എത്തുന്ന ബ്ലോഗർമാരുടെ പേര് പറയുമ്പോൾ തീർച്ചയായും അതിൽ ആദ്യമോടിയെത്തുന്ന പേര് ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ ജോസ് ലെറ്റ് ജോസഫിൻ്റെ പേരാണ്. ജോസിൻ്റെ പുസ്തകം "സൂപ്പർ ജങ്കിൾ റിയാലിറ്റി ഷോ". ഒരു പക്ഷേ ഈ വാളിൽ കൂടി തന്നെ ഇതിനോടകം നിങ്ങൾ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞു കാണും. മാതൃഭൂമിയിലും ദുബായ് ഹിറ്റ് FMലും ഉൾപ്പെടെ പ്രമുഖ മാധ്യമങ്ങളുടെ ബുക്ക് റിവ്യൂവിൽ ഇടം പിടിച്ച ഈ ബാലസാഹിത്യ കൃതിയ്ക്ക് ആ മേഖലയിൽ ഒരു അവാർഡ് കൂടി ലഭിക്കക്കണമെന്നുള്ളതാണ് ഞങ്ങളുടെ ആഗ്രഹം. അത് സൃഹൃത്തായത് കൊണ്ടുള്ള ആഗ്രഹമെന്നതിലുപരി അതിൻ്റെ അന്തസത്ത കൊണ്ടും ആഖ്യാന രീതി കൊണ്ടും അർഹതപ്പെട്ടതാണെന്ന് ഈ പുസ്തകം വായിച്ച ആരും അംഗീകരിക്കുന്ന കാര്യമാണ്.

കുട്ടനാടിൻ്റെ നിഷ്കളങ്കതയും സൗന്ദര്യവും സംഗീതവും വെള്ളവും വള്ളവുമടങ്ങിയ വലിയൊരു സ്വാധീനവലയത്തിൽ നിന്നും രൂപം കൊള്ളുന്നതാണ് ജോസിൻ്റെ സർഗ്ഗസൃഷ്ടികൾ. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയായ ജോസ് നല്ലൊരു ചിത്രകാരൻ കൂടിയാണെന്ന് പലർക്കും അറിയില്ല. ഹൃദയ കീർത്തനം സിഡിയുടെ കവർ ചിത്രത്തിൽ വന്ന ചിത്രം പകർത്തിയത് ജോസാണ്. കുട്ടനാടിൻ്റെ വള്ളംകളിയുടെ ആവേശം രക്തത്തിലലിഞ്ഞ് ചേർന്ന ജോസ് നല്ലൊരു ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ് .  ജോസിൻ്റെ ബ്ലോഗിൻ്റെ പേര് പുഞ്ചപ്പാടം. (http://punjapadam.blogspot.com) ഇവിടെ നിന്നും മലയാള സാഹിത്യ ലോകത്ത് ഇനിയും ധാരാളം സംഭാവനകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതിനൊപ്പം. ബുക്ക് ഫെയറിന് വരുന്നവർ ഈ പുസ്‌കം വാങ്ങി വായിക്കണമെന്നും കുഞ്ഞുങ്ങൾക്ക് സമ്മാനിക്കണമെന്നും സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.





*****************************************************************************************************************************************************
(നവംബർ മൂന്ന് - ബഷീർ വള്ളിക്കുന്ന് | പുസ്തകം - നിനക്ക് തട്ടമിട്ടുടേ പെണ്ണേ)

ഷാര്ജ പുസ്തകമേളയിലെ സാന്നിധ്യമായി ഇന്ന് പരിചയപ്പെടുത്താൻ തിരഞ്ഞെടുത്ത ആളെക്കുറിച്ച് ഒരു പക്ഷെ ഞാൻ പറയാതെ തന്നെ സോഷ്യൽ മീഡിയായിലുടെയും മറ്റു മാധ്യമങ്ങളിലൂടെയും ഏറെ പരിചയം ഇവിടെ ഓരോരുത്തർക്കും ഉണ്ടാകും എന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല . ബ്ലോഗിൽ കൂടി വളർന്നു വന്ന എഴുത്തുകാരിൽ പ്രമുഖനും ഇന്നും സജീവമായി നിൽക്കുന്നതുമായ ആൾ ആരെന്ന് ചോദിച്ചാൽ മനസ്സിൽ ആദ്യമോടിയെത്തുന്ന പേര് ബഷീർ വള്ളിക്കുന്നിന്റെയാണെന്ന് നിസ്സംശയം പറയാൻ സാധിക്കും. വള്ളിക്കുന്നിന്റെ പുസ്തകത്തിന്റെ പേര് " നിനക്ക് തട്ടമിട്ടുടേ പെണ്ണേ ". ആനുകാലിക വിഷയങ്ങളിൽ തന്റെ നിലപാട് ശക്തവും അതേ സമയം ലളിതവുമായി അവതരിപ്പിക്കാൻ വള്ളിക്കുന്നിനുള്ള പാടവം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അത് അതിലും മനോഹരമായി എഴുതാൻ പറ്റാത്തത് കൊണ്ട് ആ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് എടുത്തിട്ട് പോസ്റ്റാക്കുക പോലും ചെയ്യാറുണ്ട്. 

ഏതു വിഷയത്തിലും പ്രതികരിക്കുന്ന വള്ളിക്കുന്ന് , താനൊരു കമ്മ്യുണിസ്റ്റല്ല യഥാർത്ഥ മതവിശ്വാസിയാണെന്ന് പറയുമ്പോൾ തന്നെ ഇസ്ലാം മതത്തിന്റെ പേരില് ആരെങ്കിലും വിവരക്കേട് കാണിക്കുകയോ പറയുകയോ ചെയ്‌താൽ കണ്ണടച്ചിരിക്കാതെ അതിനെതിരെ പ്രതികരിക്കുന്നത് മൂലം തനിക്കു ഒട്ടേറെ ശത്രുക്കളേയാണ്‌ ഉണ്ടാക്കിയിട്ടുള്ളത്. മതത്തിനു വെളിയിലുള്ളവരുടെ തെറ്റിദ്ധാരണൾ മാറ്റിക്കൊടുക്കുന്നത് വഴി ഇസ്ലാം മതത്തിനോടു ചെയ്യുന്ന ഏറ്റവും വലിയ നന്മയായി അത് നാളെ വിലയിരുത്തപ്പെടുമെങ്കിലും ചില കുബുദ്ധികൾ ഇക്കാരണത്താൽ തന്നെ ഇദ്ദേഹത്തെ സല്മാൻ റുഷ്ദിയോടും തസ്ലീമ നസ്രിനോടും ഒക്കെയാണ് ഉപമിക്കുന്നത്.

ഒരിക്കലും ബുദ്ധിയും തലച്ചോറും താൻ ആർക്കും പണയം വെച്ചിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലെ തെറി വിളിച്ചവരെ ഇന്നവർ ചെയ്ത നന്മയുടെ പേരില് അംഗീകരിച്ചും അഭിനന്ദിച്ചും കൊണ്ട് പുതിയ പോസ്റ്റ്‌ ഇടാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നത്. വള്ളിക്കുന്ന്ഡോട്ട്കോം എന്ന അദ്ദേഹത്തിന്റെ ഈ ബ്ലോഗ്‌ ചരിത്രത്തിന്റെ അടയാള പ്പെടുതലാണ് . സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ ഇവിടെ നിന്നും അനേകം ബ്ലോഗുകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. പതിമൂന്നാം തീയതി പുസ്തക പ്രകാശനത്തിന് വേണ്ടി എത്തുന്ന അദ്ദേഹത്തിന്റെ പുസ്തകം ആദ്യ ദിവസം മുതൽ മേളയിൽ കൈരളി ബുക്ക്സിന്റെ കൌണ്ടറിൽ വിലപ്പനയ്ക്കുണ്ടാകും. വാങ്ങിക്കാനും വായിക്കാനും മറക്കില്ലല്ലോ .




*****************************************************************************************************************************************************

(നവംബർ നാല് - നാമൂസ്| പുസ്തകം -ഊർന്നു പോയേക്കവുന്നത്രയും മെലിഞ്ഞ രണ്ടു കാലുകൾ  )

ഖത്തർ എന്ന ചെറിയ രാജ്യത്ത് നിന്നു കൊണ്ട് ബൂലോക  സാഹിത്യത്തിൽ തൻ്റേതായ  വ്യക്തിമുദ്ര പതിപ്പിച്ച നാമൂസിനെയാണ്  ഇന്ന് പുസ്തക മേളയിൽ  പരിചയപ്പെടുത്തുന്നത്. രണ്ടായിരത്തി പത്തുമുതൽ തൌദാരം എന്ന തൻ്റെ ബ്ലോഗിലൂടെ ഓണ്‍ലൈൻ എഴുത്തുകാരുടെ  ലോകത്തേക്ക് വന്ന  ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇന്നും സജീവമാണ്.  കവിതകളാലും ലേഖനങ്ങളാലും നമ്മളെ വിസ്മയപ്പെടുത്തുന്ന ഇദ്ദേഹത്തിന് വേറിട്ടൊരു ഭാഷശൈലിയാണുള്ളത്‌. ദോഹയിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ  മുന്നിട്ട് നില്ക്കുന്ന ഇദ്ദേഹം ദോഹക്കാരുടെ കണ്ണിലുണ്ണിയാണ് എന്ന് സമ്മതിക്കാതെ വയ്യ !   എഴുത്തിൻറെ ലോകത്തേക്ക് വന്നപ്പോൾ  നാമൂസ്  എന്ന പേരിലേക്ക് ചേക്കേറിയ ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് ഒരു പക്ഷെ പലർക്കും അറിയില്ല എന്നതാണ് വാസ്തവം .(തല്കാലം അതൊരു സസ്പെൻസ് ആയി തന്നെ കിടക്കട്ടെ ;) ). എഴുത്തിനൊപ്പം സൌഹൃദങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന ഇദ്ദേഹം ചാറ്റിലെ ചില ചോദ്യങ്ങൾക്ക് ചിലപ്പോൾ  കവിതയിലൂടെ  മറുപടി തന്ന്  അമ്പരപ്പിച്ചിട്ടുണ്ട് ! .  നല്ലൊരു ഇടതു പക്ഷ സഹയാത്രികനായ ഇദ്ദേഹത്തിന്റെ കലാസാംസ്കാരിക മേഖലയിലെ അതികായകന്മാരുമായുള്ള  സൌഹൃദങ്ങൾ അതിശയിപ്പിക്കുന്നതാണ്. "ഊർന്നു പോയേക്കവുന്നത്രയും മെലിഞ്ഞ രണ്ടു കാലുകൾ" എന്ന കവിതാ സമാഹാരം കൈരളി ബുക്സാണ് നിങ്ങളുടെ കൈകളിൽ എത്തിക്കുന്നത്. പ്രകാശനം ആറാം തീയതി വെള്ളിയാഴ്ച രാത്രി 9 മണിക്ക്. അപ്പോൾ വാങ്ങിക്കാനും പ്രോത്സാഹിപ്പിക്കാനും മറക്കേണ്ട. നാമൂസിൻറെ തൂലികയിൽ  നിന്നും മനോഹരങ്ങളായ  സൃഷികൾ ഇനിയും മലയാളത്തെ സമൃദ്ധമാക്കട്ടെ എന്നാശംസിക്കുന്നു.





*****************************************************************************************************************************************************

(നവംബർ അഞ്ച് |  ഇന്ന് മൂന്നു പുസ്തകങ്ങൾ  ഒന്നിച്ചു പരിചയപ്പെടുത്തുകയാണ്  )

1 . സാബു ഹരിഹരൻറെ നിയോഗങ്ങൾ

ഇന്നലെവരെ പരിചയപ്പെടുത്തിയവർ ബ്ലോഗിൽ നിന്നും വളർന്നു സ്വന്തം കൃതികളുമായി പുസ്തകമേളയിൽ എത്തിയ എഴുത്തുകാരായിരുന്നെങ്കിൽ. ഇവിടെയെത്താത്ത ബ്ലോഗർമാരുടെ പുസ്തകങ്ങളും അതുപോലെ ഓണ്‍ലൈനിലും അച്ചടിമാധ്യമങ്ങളിലും ശ്രദ്ധ കേന്ദ്രികരിച്ച എഴുത്തുകാരുടെ കൃതികളും ഷാര്ജ പുസ്‌തക മേളയിൽ എത്തുന്നുണ്ട്. കുറേ കൃതികൾ ഇവിടെ തന്നെ പ്രകാശനം ചെയ്യപ്പെടുന്നുണ്ട് . എങ്കിലും എനിക്ക് പരിചയമുള്ളവരെയാണ് ഇവിടെ പരിചയപ്പെടുത്താൻ ശ്രമിച്ചത്‌. ഇവിടെ വരാൻ കഴിയാത്ത സാബു ഹരിഹരൻ എന്ന ബ്ലോഗറുടെ നിയോഗങ്ങൾ എന്ന കഥാ സമാഹാരവും ഇവിടെ ലഭ്യമാണ് . ന്യൂസിലാൻഡിൽ ജോലി ചെയ്യുന്ന സാബുവിന്റെ കഥകളുടെ വശ്യത ബൂലോകത്ത് ഏറെ ചർച്ച ചെയ്യപെടുന്നതാണ് 
പ്രസാധകർ : പൂർണ്ണ പബ്ലിക്കേഷൻസ്



 2. സീനോ ജോണ്‍ നെറ്റോയുടെ വെയിൽ പൂക്കും മരങ്ങൾ

ഓണ്‍ലൈൻ മാധ്യമങ്ങളിൽ സജീവസാന്നിധ്യമായ സീനോ ജോണ്‍ നെറ്റോയെ ഷാര്ജ പുസ്തകമേളയില്‍ വെച്ചാണ് ഒരിക്കൽ പരിചയപ്പെട്ടത് എന്നാണോർമ്മ. 25 വര്ഷങ്ങളായി UAE യിൽ പ്രവാസ ജീവിതം നയിക്കുന്ന ജോണ്‍ സാഹിത്യത്തിൻറെ വിവിധ മേഘലകളിൽ പ്രവീണ്യം തെളിയിച്ച വ്യക്തിയാണ്. ആദ്യ കവിതാസമാഹാരം 2013ൽ ഇറങ്ങിയ രക്തപുഷ്പം. 2015ൽ പുറത്തിറങ്ങിയ കുട്ടികളുടെ കാവ്യസന്ധ്യ എന്ന പുസ്തകത്തിൽ പത്തു കവിതകൾ . സ്വരുമ ദുബായിയുടെയും പുസ്തകപുരയുടെയും പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഇദ്ദേഹം രണ്ടായിരത്തി പത്തിൽ ഇറക്കിയ ഭക്തിഗാന ആൽബമാണ് "ദിവ്യസ്പര്ശം". പണിപ്പുരയിലിരിക്കുന്ന ഒരു മാപ്പിള ഗാന ആൽബമാണ് ''കാത്തിരുന്ന കസവുതട്ടം". വെയിൽ പൂക്കും മരങ്ങളാണ് ഷാര്ജ പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന പുതിയ കവിതാസമാഹാരം .  വിതരണത്തിനെത്തിക്കുന്നത്  കൈരളി ബുക്ക്സാണ്.


3. ഹണി ഭാസ്കറിന്റെ ഉടൽ രാഷ്ട്രീയം.

ഹണി ഭാസ്ക്കരന്‍ എന്ന എഴുത്ത് കാരിയെ കൂടി പരിചയപ്പെടുത്തിക്കൊണ്ട് ഇത് തൽക്കാലം ഈ പരിചയപ്പെടുത്തൽ പൂർണ്ണമാക്കാം എന്ന് പ്രതീക്ഷിക്കുന്നു . ഹണി ഭാസ്കറിനെയും ഒരു പുസ്തകമേളയിൽ തന്നെയാണ് പരി ചയപ്പെട്ടത്. കണ്ണൂര്‍ ആണ് സ്വദേശം. പന്ത്രണ്ടു വര്‍ഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളിലും പത്രങ്ങളിലും ആനുകാലികങ്ങളിലും സ്ഥിരമായി എഴുതുന്ന ഹണിയുടെ അക്ഷരക്കറ്റ, എ ഫയര്‍ ടച് , മറവു ചെയ്യാത്ത ശബ്ദങ്ങള്‍, സീല് വെച്ച പറുദീസ എന്നീ കവിതാ സമാഹാരങ്ങളും, “ഉടല്‍ രാഷ്ട്രീയം “ എന്ന നോവലുമാണ് പ്രധാനപ്പെട്ട കൃതികൾ . മറവു ചെയ്യാത്ത ശബ്ദങ്ങള്‍ എന്ന കൃതി യു എ ഇ ബുക്ക് ട്രസ്റ്റ് അവാര്‍ഡ് നേടിയത് നാളെ സ്വീകരിക്കാൻ തയ്യാറാകുന്ന ഹണിയുടെ ഉടൽ രാഷ്ട്രീയം ഇന്ന് പ്രകാശനം ചെയ്യുന്നതിൻ്റെ ഇരട്ടി സന്തോഷത്തിലാണ്.
ഗ്രീൻ ബുക്ക്സ് ആണ് പ്രസാധകർ .