Sunday, June 24, 2012

ബഹുമാനപ്പെട്ട ഉമ്മന്‍ ചാണ്ടി വായിച്ചറിയാന്‍……!


സാറിനൊപ്പം ഞങ്ങളും ഞെട്ടലോടെയാണ് ആ സത്യം ഇപ്പോള്‍ ഔദ്യോഗികമായി കേള്‍ക്കുന്നത് "ഇന്ത്യയിലെ No1. ഭീകര സംസ്ഥാനമാണത്രേ  നമ്മുടെ സ്വന്തം.., അല്ല ദൈവത്തിന്റെ സ്വന്തം നാട് കേരളം..!"

അതായത്  കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നും, സ്ത്രീകള്‍ക്കൊന്നും പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല എന്നത്  അംഗീകരിക്കേണ്ട സത്യമാണെന്നും ..! പിന്നെ അതിവേഗം സ്മാര്ട്ടായിക്കൊണ്ടിരിക്കുന്ന കൊച്ചിയാണത്രേ ഇന്ത്യയിലെ ഏറ്റവും ഭീകര നഗരവും. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2010 കണക്കാണ്  ഇതെന്നത് കൊണ്ട്  ഇതിന്റെ കാരണക്കാരന്‍  കഴിഞ്ഞ വര്ഷം അധികാരത്തില്‍ കയറിയ സാറിന്റെ സര്‍ക്കാരല്ല എന്നറിയാം എങ്കിലും എന്തെങ്കിലും ഇന്ന് ചെയ്യാന്‍ സാധിക്കുന്നത് സാറിന് മാത്രമാണെന്ന് പൂര്‍ണ്ണ ബോധ്യമുള്ളത്  കൊണ്ട് ഈ കത്തെഴുതുന്നത്.

പാവങ്ങളുടെ സ്വന്തം സര്‍ക്കാര്‍  എന്നവകാശപ്പെടുന്ന ഇടതു പക്ഷ സര്‍ക്കാര്‍ പ്രത്യേകിച്ച് അച്യുതാനന്തന്‍ സര്‍ക്കാരിന്  ചെയ്യാന്‍ പറ്റാത്ത കാര്യം (പെട്രോളിന്‍റെ) അധികലാഭം വേണ്ടെന്നു വെച്ച്  ഞെട്ടിച്ചു കൊണ്ട് ഭരണത്തില്‍ കയറിയ അങ്ങ്,  വര്‍ഷങ്ങളോളം നീണ്ട് നിന്ന ചെങ്ങറ സമരം ഒരു ലളിതമായ ചര്‍ച്ചയില്‍ തന്നെ അവസാനിപ്പിച്ചപ്പോള്‍  ഞങ്ങളുടെ ഞെട്ടലിന്റെ ആക്കം വര്‍ദ്ധിച്ചു, കാരണം ഇതല്ലേ കമ്മ്യുണിസ്റ്റ്‌ ഭരണം എന്നത് കൊണ്ട് ജനങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് പോലും ചിന്തിച്ചു പോയി..!  നിര്‍ഭയമായി ജീവിക്കാനുള  ജനങ്ങളുടെ അവകാശത്തിനും താങ്കളുടെ വലിയ ഇടപെടല്‍ പ്രതീക്ഷിക്കട്ടെ ?

ശ്രീ ചിറ്റിലപ്പള്ളിയെ പോലെ മനുഷ്യസ്നേഹത്തിന്റെ പേരില്‍  ഓപ്പറേഷന് ശേഷമുള്ള കഠിനമായ റെസ്റ്റ് പോലും വക വെക്കാതെ  നോക്ക്കൂലിക്കെതിരെ പോരാടിയത് കണ്ടു കണ്ണ് നിറഞ്ഞവരാണ് ഞങ്ങള്‍..

ഇന്ന് വേറൊരു സഹോദരനെ, അതും ഒരു നേതാവിനെ, മനുഷ്യന്‍ കേട്ടിട്ട് കൂടിയില്ലാത്തത്ര മൃഗീയമായി കൊന്നിട്ട് അതിനെ നിസ്സാരാമായി ന്യായികരിക്കുന്ന ഹൃദയമില്ലാത്തവരുടെ രാജ്യത്ത്‌ ഞങ്ങള്‍ എങ്ങനെ മനസമാധാനമായി വന്നു താമസിക്കും ?

ഇലക്ഷന്‍  കഴിഞ്ഞു അങ്ങ് ഒരു ചാനലിന് കൊടുത്ത ഇന്റര്‍വ്യു ഞാന്‍ ഓര്‍ക്കുന്നു അന്യനാട്ടില്‍ മരുഭൂമിയില്‍  ചെന്ന്  ഞങ്ങള്‍ കഷ്ടപ്പെടുന്നതിന്റെ കാരണക്കാരില്‍ താങ്കളും പെടുന്നതില്‍ കുറ്റബോധമുണ്ടത്രേ.. ഇവിടെ കഷ്ട്പ്പെട്ടു ജീവിക്കുന്നവനും സമാധാനമായി കിടന്നുറങ്ങാം, ഇതൊരു ജനാധിപത്യരാജ്യമല്ലായെങ്കില്‍ കൂടി. ഞങ്ങള്‍ എങ്ങനെ സമാധാനമായി അവിടെ വന്നു ജോലി ചെയ്യും ? ഒരു തസ്നിബാനു മാത്രം വേറിട്ട്‌ നിന്നിട്ടുണ്ടാകാം, നീതി കിട്ടിയിട്ടുണ്ടാകാം. എന്നാല്‍ എത്ര തസ്നിബാനുമാരുടെ കഥ ഇവിടെ പുറത്ത്‌ വന്നിട്ടേയില്ല !!!

ശ്രീ ടി പി യുടെ മരണം  വ്യത്യസ്തമായാത്  പോലെ തന്നെ ഇതിനു ശേഷം വരുന്ന മാറ്റങ്ങളും വിത്യസ്തമായിരിക്കണം. നിങ്ങള്‍ ആര് ഭരിച്ചാലും ഇവിടെ ജനങ്ങള്‍ക്ക്  നിര്‍ഭയമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം  ഉണ്ടാകണം. സ്വന്തം ജോലി നിര്‍ഭയമായി ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കണം. ഭയമില്ലാതെ  സ്വന്തം മക്കളെ ഒറ്റയ്ക്ക് സ്കൂളിലേക്കും മറ്റും വിടാനുള്ള അന്തരീക്ഷം ഉണ്ടാകണം.

ഫോണ്‍ വിളിച്ചാല്‍  വീട്ടില്‍ വന്നു കേസെടുക്കാനുള്ള പ്രഖ്യാപനം ഒക്കെ കണ്ടു  നല്ലത് തന്നെ.. ഭയമില്ലാതെ നീതി കിട്ടുമെന്ന് ഉറപ്പോടെ എത്ര പേര്‍ പോലീസില്‍ പരാതി പറയാറുണ്ട്‌ ? നിഷ്പക്ഷമായി ജനങ്ങളോട് ഇടപെടുന്ന എത്ര പോലീസ്‌കാരുണ്ട്‌ നമ്മുക്ക്?

എന്നാല്‍ ഇപ്പോള്‍ കേരളാ പോലീസിനുണ്ടായ ഈ നേട്ടത്തെ ഒട്ടും കുറച്ചു കാണുന്നില്ല. കൊടിസുനിയെയും കൂട്ടാളികളെയും വിദഗ്ദ്ധമായി പിടിച്ച ഷൌക്കത്ത്അലി പോലീസിനു എന്നും ഒരുമുതല്‍ക്കൂട്ടായിരിക്കും. 51 ദിവസത്തിനകം കേസിലെ മുഖ്യ കണ്ണികളെ ഒക്കെ അകത്താക്കിയ കേരളാ പോലീസ്‌ മൊത്തത്തിലും അഭിനന്ദനം അര്‍ഹിക്കുന്നു.

പക്ഷപാതം കാണിക്കുന്ന, പോലീസിനപമാനം വരുത്തുന്നവരെ ഒക്ക മാറ്റി ആദ്യം പോലീസില്‍ ഒരു വന്‍ അഴിച്ചുപണി  നടത്താമെങ്കില്‍, മാധ്യമങ്ങളുടെ അമിത ഇടപെടലുകള്‍ നിയമത്തിലൂടെ നിയന്ത്രിച്ചു ഓരോ കുറ്റവും ഓരോ കുറ്റവാളിയെയും അവരെത്ര തന്നെ ഉന്നതരാണെങ്കിലും കര്‍ശനമായ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നു അവര്‍ക്കര്‍ഹിക്കുന്ന ശിക്ഷ മാതൃകാപരമായി വേഗത്തില്‍ നടപ്പാക്കുമെങ്കില്‍  പേടിയോടെയല്ലാതെ ഞങ്ങള്‍ക്ക് കേരളത്തെ സ്നേഹിക്കാം.. മുകളിലെ കണക്കുകള്‍ നമുക്ക്‌ വെറും ഒരു പഴങ്കഥയായി ബാക്കി നിര്‍ത്താം.

ഈ സംഭവം ഒരു തിരിച്ചറിവാകട്ടെ നിങ്ങള്‍ക്കും അവര്‍ക്കും (പോലീസിനും) പിന്നെ എല്ലാവര്ക്കും ..

ഒത്തിരി ഒത്തിരി പ്രത്യാശയോടെ ഒരു പ്രവാസി