Sunday, October 14, 2012

ഇന്ത്യയും 20-20 യുംഫോണുകളുടെ ലോകത്ത് മൊബൈല്‍ ഫോണ്‍ വന്നതിനു ശേഷം ഉണ്ടായ ഒരു വിപ്ളവകരമായ   മാറ്റം പോലെ  എന്ന് വേണമെങ്കില്‍  പറയാം   ക്രിക്കറ്റിന്റെ ലോകത്തില്‍ 20-20 വന്നതിനു ശേഷം ഉണ്ടായത്.

ദിവസങ്ങള്‍ എടുത്തു കളിച്ചിരുന്ന ടെസ്റ്റും, ഒരു ദിവസം മുഴുവന്‍ സമയം കളയിപ്പിക്കുന്ന ഏകദിനവും കടന്നാണ്  ഏതാനും മണിക്കൂറുകള്‍ കൊണ്ട് കളിയുടെ ഫലം അറിയുന്ന 20-20  വന്നത് .  അനിശ്ചിതത്വത്തിന്റെ കളി ആയതു കൊണ്ട് ആര് ജയിക്കും എന്ന് പറയാന്‍ കളിയുടെ അവസാനം  വരെ കാത്തിരിക്കേണ്ടി വരുന്നത് കൊണ്ട് തന്നെ, ഇവിടെ ഒരു ടീമിനെയും കുറച്ചു കാണാന്‍ സാധിക്കില്ല. അല്ലെങ്കില്‍ വര്‍ഷങ്ങളായി ഏകദിനത്തിലെ രാജാക്കന്മാരായി  വിലസിയിരുന്ന ആസ്ട്രേലിയ , താരതമ്യേനെ ദുര്‍ബലരായ  ബംഗ്ളാദേശിനേക്കാള്‍  താഴെ റാങ്കിങ്ങില്‍ ഒരിക്കല്‍ വരില്ലായിരുന്നല്ലോ ..

നമ്മുടെ ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ എന്നും അഭിമാനിക്കാന്‍ വകയുള്ള ഒരു കാര്യം, ആദ്യ 20-20 യില്‍ തന്നെ ലോക കപ്പു കിട്ടി എന്നതിലാണ്,  മലയാളിയായ ശ്രീശാന്ത് അതിനു അവസാനത്തെ  കാരണം ആയി എന്നതില്‍ നമ്മള്‍ മലയാളികള്‍ക്കും അഭിമാനിക്കാം.

എന്നാല്‍  ഇന്ത്യയെപ്പോലെ ഒരു മൂന്നാം കിട രാജ്യത്ത് (എനിക്ക് ഒന്നാം കിടയാണെന്നു  പറയണമെന്നാഗ്രഹമുണ്ടെങ്കിലും മറ്റു പഹയന്മാര്‍ അംഗീകരിച്ചു തരുമെന്ന് തോന്നുന്നില്ല  )   മറ്റു പല പ്രവണതകള്‍ക്കും വിരോധാഭാസങ്ങള്‍ക്കും തുടക്കം  കുറിച്ചത് ഈ 20-20 ആണെന്ന് പറയേണ്ടി വരും.

അതില്‍ ഏറ്റം പ്രധാനമെട്ടത്‌ പണത്തിന്റെ ധൂര്‍ത്തിന്റെ  ഉത്സവമായ IPL  ആണ് .  'ഫ്രോഡ്' ആണെന്ന് ഇന്ത്യയിലെ എല്ലാരും കൂടി മുദ്ര കുത്തിയ  ലളിത്  മോധി  ആവിഷ്കരിച്ചു പരിപോഷിപ്പിച്ചു പോന്ന IPL ഇല്  നിന്ന് മോധി പുറത്തു പോകാന്‍ കാരണം മന്ത്രി സ്ഥാനത്തു  നിന്ന് നമ്മുടെ ഡല്‍ഹി നായരെ തള്ളി താഴെയിട്ടതോട് കൂടി തുടങ്ങിയ ശനിദശകളാണെന്ന് ആര്‍ക്കും കവടി നിരത്താതെ തന്നെ പറയാവുന്ന കാര്യമാണ് . 

കേരളത്തിനൊരു ടീം ഉണ്ടാക്കാന്‍ വേണ്ടി  ഇറങ്ങിത്തിരിച്ച് മന്ത്രിസ്ഥാനം കളഞ്ഞ ശശി തരൂരിനെ പക്ഷെ കേരളത്തിലെ കോണ്ഗ്രസ്സ്കാര്‍  കാര്യമായി സപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടുമില്ല. എന്തായാലും പിന്നീട് കേരളത്തിന്റെ സ്വന്തം ടീമായ കൊച്ചിയുടെ കൊമ്പന്‍മാര്‍ക്ക് ഒടുവില്‍ കൊമ്പു ഊരി വിറ്റു തടി തപ്പേണ്ടി വന്നു. അല്ലെങ്കിലും കേരളത്തെപോലെ  വിദ്യാസമ്പന്നമായ, ഇടതു ചായ്‌വുള്ള ഒരു സംസ്ഥാനത്തിന് ഈ പണത്തിന്റെ ധൂര്ത്തിനെ ഒരിക്കലും പരസ്യമായി അംഗീകരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. 

എന്തായാലും സാധാരണക്കാര്‍ക്ക്  ഒത്തിരി ഗുണപാഠങ്ങള്‍  ഇതില്‍ നിന്ന് പഠിക്കാനുണ്ട്. ഇതിനു വേണ്ടി ഏറ്റവും പണം ധൂര്‍ത്തടിച്ചു പിച്ചക്കാരനായ നമ്മുടെ മല്ലയ്യ. അതുപോലെ  വര്‍ഷങ്ങളായി കാത്തിരുന്നു ഒടുവില്‍ കപ്പു കിട്ടിയപ്പോ പരിസരബോധം മറന്നു നാണം കെട്ട നമ്മുടെ ഷാരൂഖ്‌ ഖാന്‍, അങ്ങനെ എത്രയെത്ര !

IPL സമ്മാനിച്ച ഹൃദയഭേദകമായ മറ്റൊരു കാഴ്ച, നമ്മള്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന നമ്മുടെ താരങ്ങള്‍ ചന്തയിലെ അറവപ്പശുവിനെ  പോലെ ലേലം ചെയ്യപ്പെടുന്നു! പണ്ടത്തെ പുലികളെ ആര്‍ക്കും വേണ്ടാ ചരക്കാക്കി ഉപേക്ഷിക്കുന്നു. ശരിക്കും മനുഷ്യന്‍ മൃഗങ്ങള്‍ക്ക് സമനാവുന്ന ദു:ഖകരമായ  കാഴ്ച .
പിന്നെ കാണുന്നത്  ഈ കളിയെ കൊഴുപ്പിക്കാന്‍ അല്പവസ്ത്രധാരികളായ തരുണിമണികളുടെ ആട്ടവും കോപ്രായങ്ങളും !

നമ്മള്‍ എന്തൊക്കെയോ എവിടുന്നൊക്കെയോ കടമെടുത്തു നമ്മുടെ പുതുതലമുറയെ പഠിപ്പിക്കുകയാണ്. മൂല്യങ്ങളില്ലാത്ത മൂന്നാംകിട കച്ചവടത്തിന്റെ നൈമഷികങ്ങളായ മേളക്കൊഴുപ്പുകള്‍ !! അവര്‍ നമ്മള് പഠിപ്പിക്കുന്ന വൃത്തികേടുകളല്ലേ പഠിക്കുക? പിന്നെ  ആരെ നമുക്ക് കുറ്റം പറയാന്‍ സാധിക്കും ?

ഏറ്റവും വലിയ വിരോധാഭാസം ലോകത്തില്‍ ഏറ്റവും അധികം പട്ടിണിപ്പാവങ്ങളുള്ള  നമ്മുടെ നാട്ടില്‍ നടക്കുന്ന ഈ IPL, ക്രിക്കറ്റിന്റെ ലോകത്തിലെ ഏറ്റവും വലിയ പണക്കൊഴുപ്പിന്റെ  ആര്ഭാടമാണ് എന്നുള്ളതാണ് ! എനിക്ക് തോന്നുന്നത് അതുകൊണ്ട്  തന്നെയായിരിക്കും ക്രിക്കറ്റ് മതവും ദൈവവും ആയിട്ടുള്ള ഇന്ത്യയില്‍ പക്ഷെ ആദ്യ 20-20  ലോക കപ്പിന് ശേഷം സെമി പോലും കാണാതെ ഇന്ത്യക്ക് നാണംകെട്ടു പുറത്തു  പോകേണ്ടി വരുന്നത്.  ഇതാ ഒടുവില്‍ ഈ 2012 ലെ കളിയില്‍ പോലും! കാരണം ദൈവം പാവങ്ങളുടെ പ്രാര്‍ത്ഥന അല്ലെ കേള്‍ക്കേണ്ടത് ?അല്ലാതെ ധൂര്‍ത്തന്മാരുടെ അല്ലല്ലോ !

ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്, ഇത്തരത്തില്‍ ധൂര്‍ത്ത് കാണിക്കാന്‍ വരുന്ന ആള്‍ക്കാരില്‍ നിന്നും നല്ലൊരു ശതമാനം കാശ്  പാവങ്ങളെ പുനരധിവസിപ്പിക്കാനോ  അവരുടെ പട്ടിണി മാറ്റാനോ ആയി വാങ്ങി ചിലവഴിക്കാന്‍ വ്യവസ്ഥ ഉണ്ടാക്കണം, അത് പോലെ ഇതിലെ അധികധൂര്‍ത്ത് അവസാനിപ്പിക്കണം. എങ്കില്‍ എനിക്ക് തോന്നുന്നു അടുത്ത തവണയെങ്കിലും ഇന്ത്യക്ക് 20-20 യുടെ ഫൈനലില്‍ കാലു കുത്താമാമെന്ന്. കാരണം പാവങ്ങളുടെ പ്രാര്‍ത്ഥന അപ്പോള്‍ അവര്‍ക്കൊപ്പമുണ്ടാകും ഉറപ്പു !
(
കഴിഞ്ഞ ലക്കം  മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ മഴവില്ല്‍  http://www.mazhavill.com/    മാഗസീനില്‍ പ്രസിദ്ധീകരിച്ചത് /ചിത്രങ്ങള്‍ :ഗൂഗിള്‍ )