Sunday, December 23, 2012

ഇതിഹാസം പടിയിറങ്ങുമ്പോള്‍....



ഇന്ത്യക്ക് മാത്രമല്ല ലോകത്തിലെ എല്ലാ ക്രിക്കറ്റ്  പ്രേമികള്‍ക്കും അഭിമാനവും ഊര്‍ജ്ജവും  സന്തോഷവും  ഒരു പോലെ പകര്‍ന്നു കൊടുക്കുന്ന പേരാണ്  സച്ചിന്‍ രെമേഷ് തെണ്ടുല്‍ക്കര്‍  എന്നത്. ഇതുവരെ ആരും കയ്യടക്കാത്തതും ഇനി ഭാവിയില്‍ ആരെങ്കിലും കയ്യടക്കാന്‍ സാധ്യത കുറവുള്ളതുമായ ഉയരങ്ങള്‍ സച്ചിന്‍ എന്നേ  കീഴടക്കിക്കഴിഞ്ഞു .

പോസിറ്റീവ്   ചിന്തകള്‍ കൊണ്ട്  മനസ്സിനെ ബലപ്പെടുത്താന്‍ പോലും പലരും സച്ചിന്റെ ചരിത്രം പറഞ്ഞു കൊടുക്കുക പതിവാണ്. അതായത് പത്താം തരത്തില്‍  പരാജയപ്പെട്ട ഒരു കുട്ടി ജീവിതത്തില്‍  എങ്ങനെ വലിയ   വിജയമായി   എന്നത് കഠിനാധ്വാനത്തിന്റെയും അഭിരുചി മനസ്സിലാക്കി അതിനനുസരിച്ചു ജീവിതം ക്രമപ്പെടുത്തിയതിന്റെയും ഫലമായി ഉത്തമവിജയം സ്വായത്തമാക്കിയ  കഥയാണ്‌ .  ഇത്  മാതാപിതാക്കള്‍ക്കും പഠിപ്പില്‍ മുന്നിലല്ലാത്ത  കുട്ടികള്‍ക്കും ഒരുപോലെ ആശിക്കാന്‍ വക നല്‍കുന്ന സംഗതിയാണെങ്കിലും "സച്ചിന്‍ " എന്നത്  നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഒരു പ്രതിഭാസം ആണെന്നും വിജയം കഠിനാധ്വാനികള്‍ക്ക്   ഒരുക്കിയ സമ്മാനമാണെങ്കിലും, ക്രിക്കറ്റിന്റെ ലോകത്തിലെ  വിജയത്തിന്റെ കൊടുമുടിയില്‍ കയറാന്‍  സച്ചിന്‍  മാത്രമേ സാധിക്കൂ എന്നും പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട് !

പുസ്തകങ്ങളും  ഗവേഷണങ്ങളും വരെ സച്ചിന്റെ പേരില്‍ പിറവിയെടുക്കുമ്പോള്‍ സച്ചിന്റെ ഏതെങ്കിലും ഗുണഗണങ്ങളെ വര്‍ണ്ണിക്കാന്‍  ശ്രമിക്കുക   എന്നത്  ഒരു പാഴ്ശ്രമം ആണെന്ന് സമ്മതിക്കേണ്ടി വരും. ശാന്തശീലനും മാന്യനും ആയ ഇദ്ദേഹം മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചിട്ടുള്ള കാശ് വേണ്ട എന്ന് പറഞ്ഞത് സ്വന്തം പിതാവിനെ അനുസരിക്കുക മാത്രമല്ല ഭാവി തലമുറയെ ഓര്‍ത്തു  കൂടി ആണെന്നുള്ളത്‌ ഇദ്ദേഹത്തോടുള്ള ആദരവു വര്‍ദ്ധിപ്പിക്കുന്നു.

സ്വന്തമായി പേരില്ലാത്തവര്‍ ഒരു പേരുണ്ടാക്കാന്‍ വേണ്ടി മാത്രം നല്ല പേരുകളെ ദുരുപയോഗപ്പെടുത്തുന്ന ഈ കാലത്ത്, ഇദ്ദേഹത്തെ വിമര്‍ശിക്കുന്നതിലൂടെ പേരെടുക്കാന്‍ ശ്രമിച്ച പലരെയും നമുക്കറിയാം. അതൊക്കെ ക്രിക്കറ്റില്‍  തഴക്കവും പഴക്കവും വന്ന പ്രമാണികള്‍ . എന്നാല്‍ ഒരു കാഴ്ചക്കാരനായി മാത്രം ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന എന്നേ  പ്പോലുള്ളവര്‍ സച്ചിന്റെ ഈയിടെയുള്ള മങ്ങിയ ഫോമില്‍ ഏറെ ആശങ്കപ്പെട്ടിരിന്നു.

ക്രിക്കറ്റ് ഒരു മതമാണെങ്കില്‌ അതിലെ ദൈവത്തിന്റെ സ്ഥാനത്താണ് പലരും സച്ചിനെ  പ്രതിഷ്ഠിച്ചതെങ്കില്‍, ആ പ്രതീക്ഷയ്ക്ക് ഇളക്കം തട്ടുന്നതൊന്നും സച്ചിനില്‍ നിന്നും ഒരു ആരാധകന്‍  എന്ന നിലയില്‍  ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പലപ്പോഴും വിമര്‍ശനങ്ങളുടെ മുള്‍മുനകള്‍ക്ക്  തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ മാത്രം തക്ക മറുപടി പറഞ്ഞ സച്ചിന്റെ ഒടുവിലത്തെ പല പ്രകടങ്ങളും ആശയ്ക്ക് വലിയ വക നല്കുന്നതായിരുന്നില്ല.

തൊണ്ണൂറ്റി ഒന്‍പതാമത്തെ സെഞ്ചുറിയില്‍  നിന്നും ചരിത്രമായ നൂറിലേക്കുള്ള ജൈത്രയാത്രയില്‍  ഏകദേശം ഒരു വര്ഷം എടുത്തതു, സച്ചിനെക്കുറിച്ച് അറിയാവുന്നവര്‍ പറയുന്നത് പോലെ സമ്മര്‌ദ്ധങ്ങല്‌ക്കു വശപ്പെട്ടതുകൊണ്ടാണെന്നു തോന്നിപ്പോകും. അതിനു ശേഷം സച്ചിന്‍ ഇതേ വരെ ഒരന്താരാഷ്ട്ര സെഞ്ചുറി എടുത്തില്ല എന്നതും വിമര്‍ശകര്‍ക്ക് ശക്തി പകരുന്നു. ഇക്കഴിഞ്ഞ കുറെ  കളികളില്‍ നിന്ന്  സച്ചിന്‍  ഒരൊറ്റ കളിയില്‍  മാത്രമാണ് സാമാന്യം  ഭേതപ്പെട്ട സ്കോര്‍  എടുത്തത്‌ . ഇടയ്ക്ക്  ഒരു സെഞ്ചുറി നേടിയത് രാജ്യാന്തര ക്രിക്കറ്റിലല്ല എങ്കിലും ഒരു ചെറിയ മറുപടി ആയി സച്ചിന്‍ ആരാധകര്‍ കരുതുന്നു.

സച്ചിനുമുന്പേ വന്നവരും സച്ചിനൊപ്പം  വന്നവരും സച്ചിന്  ശേഷം വന്നവരും ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു പോയപ്പോഴും സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തല ഉയര്‍ത്തി നിവര്‍ന്നു നില്‍ക്കാന്‍ കാരണം സച്ചിന്റെ പ്രകടനം ഒന്ന് കൊണ്ട്  മാത്രമായിരുന്നു. ഏകദിനത്തിലെ ബാലികേറാ മലയായിരുന്ന 200 എന്ന സ്കോറ് പോലും സച്ചിന് തന്റെ പേരിലാക്കിയത് 2010 ല്  മാത്രമാണ് . കഴിഞ്ഞ  ലോകകപ്പിലെ പ്രകടനവും IPL ലെ പ്രകടനങ്ങളും ഒക്കെ സച്ചിന് ഇനിയും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ദൂരം യാത്രചെയ്യാനുള്ള അവസരം ഉണ്ട് എന്ന് വെളിപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കുള്ള മങ്ങിയ ഫോമിനെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല, കാരണം  സച്ചിനില്‍ വിശ്വസിക്കുന്ന എല്ലാവര്ക്കും അറിയാം സച്ചിന് ഒരു ഫിനിക്സ് പക്ഷിയേപ്പോലെ ഉയരങ്ങളിലേക്ക് വീണ്ടും ചിറകടിച്ചു പറന്നുയരുമെന്ന് .

എങ്കിലും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുക എന്നത് ഒരു പ്രൊഫെഷണല്‍ രീതി ആയതിനാല്‍ നൂറാമത്തെ സെഞ്ചുറി നേടിയപ്പോള്‍ പലരും സച്ചിനില്‍ നിന്ന്  അത്തരത്തിലുള്ള എന്തെങ്കിലും കേള്‍ക്കാന്‍ കാതോര്ത്തു. പക്ഷെ അപ്പോള്‍ സച്ചിന്‍ അതിനെക്കുറിച്ച് യാതൊരു സൂചനയും നല്‍കിയിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍   അദ്ദേഹം അതിനെക്കുറിച്ചുള്ള സൂചനകള്‍ തന്നു. പിന്നീട് ഓരോ പ്രമുഖരായ താരങ്ങള്‍   വിരമിക്കുമ്പോഴും പലരും സച്ചിനിലേക്ക് തിരിയാറുണ്ട്. ഒടുവില്‍  ഓസ്ട്രേലിയയ്ക്ക്  അവരുടെ ഏറ്റവും കൂടുതല്‍ ലോകകപ്പുകള്‍ വാങ്ങിക്കൊടുത്ത പോണ്ടിങ്ങ്  വിടവാങ്ങിയപ്പോഴും.

ഒടുവിലിതാ സച്ചിന്‍ ആ നടുക്കുന്ന തീരുമാനം പുറത്തു വിട്ടു. ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു..! പാകിസ്താന്‍ മത്സരങ്ങള്‍ക്ക് മുന്‍പ് തന്നെ ...!

ആരും പറയാതെ തന്നെ ക്രിക്കറ്റില്‍ നിന്നുകൊണ്ട്  ഇന്ത്യക്കും ക്രിക്കറ്റിനും ഇത്രയേറെ സംഭാവനകള്‍ നല്‍കിയ സച്ചിന്, താന്‍ എന്ന് പിന്മാറണമെന്ന് നല്ല ബോധ്യമുണ്ടായിരുന്നു.  അത്  പക്ഷെ  ശോഭ മങ്ങി നില്‍ക്കുന്ന ഒരു  സമയത്ത്   അപ്രതീക്ഷിതമായി ആയതിനാല്‍ ആരാധകരായ ഞങ്ങള്‍ക്ക്  ഇത്തിരി വിഷമം ഉണ്ട്.
എങ്കിലും രാജ്യസഭയില്‍ ഒരു MP ആയി സേവനം തുടങ്ങിയ അദ്ദേഹം അവിടെ  നിന്ന് കൊണ്ട് ക്രിക്കറ്റിനും ഇന്ത്യന്‍ കായികമേഖലയ്ക്കും കൂടുതല്‍ കരുത്തു പകര്‍ന്നു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഇനി നടത്തുമെന്ന് പ്രതീക്ഷിക്കാം ...!