Thursday, May 17, 2012

ഇടുക്കിയുടെ മിടുക്കിയും മലയാളത്തിലെ കോടീശ്വരന്‍ ഷോയുംഇതിനിടെ കേരളക്കരയിലെ സംസാരവിഷയമായ "നിങ്ങള്‍ക്കും ആകാം കോടീശ്വരനിലെ" ജീവിതത്തെ മാറ്റി മറിക്കാവുന്ന “ആ ഒരൊറ്റ ചോദ്യം” (15 മത്തെ ചോദ്യം :)) നേരിട്ട ഏക വ്യക്തിയാണ് ഈ ചേച്ചി. പറ്റുമെങ്കില്‍ ഇതിന്റെ മുഴുവന് യൂട്യൂബ് വീഡിയോ ഒന്ന് കണ്ടു നോക്കണം അപ്പൊ മനസ്സിലാകും ഈ ചേച്ചി എങ്ങനെയാണ് മിടുക്കിയായതെന്ന്.  മത്സരിക്കാന്‍ ഉള്ള ഹോട്ട് സീറ്റില്‍ വരാന്‍ തിരഞ്ഞെടുക്കപ്പെട്ടു വന്നപ്പോള്, സുരേഷ് ഗോപി "ആര്‍ യു റെഡി" എന്ന് ചോദിച്ച ചോദ്യത്തിനു  ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ "ആര്‍ യു റെഡി" എന്ന് തിരിച്ചു ചോദിച്ച കാഴ്ച കണ്ടപ്പോള്‍ പലരും കരുതി ഇത് വെറുതെ സമയം കളയാന്‍ വന്ന ഏതോ ഒരാള്‍ മാത്രമായിരിക്കും എന്ന്. എന്നാല്‍ സീറ്റില്‍ വന്നതിനു ശേഷമാണ് ആളെക്കുറിച്ചും ആളിന് കാശിന്റെ അത്യാവശ്യത്തെക്കുറിച്ചും നമുക്ക് ബോധം ഉണ്ടാകുന്നത്..

******************************************************
ഇനി നമുക്ക് ഈ കളിയുടെ പിന്നിലെ കളികളിലേക്കും കാര്യത്തിലേക്കും വരാം. ബിഗ്‌ ബിയുടെ അവതരണത്തിലൂടെ ഇന്ത്യയില്‍ വന്‍പ്രചാരം നേടിയ കോടീശ്വരന്‍ ഗെയിമിന്റെ ശരിക്കുള്ള "ത്രില്ല്" ജനിപ്പിച്ച ഒരു സിനിമയായിരുന്നു ജയറാം നായകനായ “വണ്‍ മാന്‍ ഷോ”. എന്നാല്‍ കളി നടത്ത്തുനവന്റെ ശരിക്കുള്ള ആഗ്രഹം കാശ് കൊടുക്കുകയല്ല കൊടുക്കാതിരിക്കുകയാണ് എന്ന് മനസ്സിലാകണമെങ്കില്‍ ഡാനി ബോയലിന്റെ "സ്ലം-ഡോഗ് മില്ലിനയര് " ‍തന്നെ കാണണം.!  "വെറുതെ കാശ് കൊടുക്കാന്‍ ഒരു 'ബില്‍ ഗേറ്റ്സിനും' ഇഷ്ടമുണ്ടാകില്ല , പ്രത്യേകിച്ചു കൊടുക്കുന്ന കാശിനു അല്പം കനമുണ്ടെങ്കില്‍..! അങ്ങനെയെങ്കില്., കോടീശ്വരന്‍ ഒരു ശരിക്കുള്ള ഗെയിം ആണെങ്കില്‍ , കാശ് നേടാന്‍ വന്ന ആളിനോട്‌ മത്സരിക്കുന്ന ആള്, കാശ് കൊടുക്കാതിരിക്കുന്നതിനു തന്നെയായിരിക്കും കളിക്കുന്നത്.. എന്ന് വെച്ചാല്‍ സുരേഷ് ഗോപിക്കും സുരേഷ് ഗോപിയെ മുന്നില്‍ വെച്ചു കളിപ്പിക്കുന്ന കളിയുടെ പിന്നണിക്കാര്‍ക്കും (ഏഷ്യാനെറ്റ്‌- കോണ്ഫിഡന്റ് ) ആത്യന്തികമായി കാശ് (വലിയ തുകയുടെ കാശ്) കൊടുക്കാതിരിക്കുക എന്നത് തന്നെ ലക്‌ഷ്യം..


 സിനിമാക്കാരുടെ ഇടയിലെ മാന്യനും നല്ല മനസ്സിന്റെ ഉടമയുമായ സുരേഷ് ഗോപിയെ തന്നെ ഇതിന്റെ അവതാരകനായി കൊണ്ടുവന്നതിനാല്‍ ഇതിന്റെ അണിയറക്കാര്‍ ഒരു പരിധി വരെ വിജയിച്ചു എന്ന് തന്നെ പറയാം .. കാരണം സുരേഷ് ഗോപി പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കും.. കളിയും ചിരിയും , കാര്യവും കരച്ചിലും ഒക്കെയായി അതിഭാവുകത്വമില്ലാതെ മുന്നോട്ടു പോകുന്ന കളിയില്‍ കളിക്കാന്‍ വരുന്നവര്‍ക്ക് ആത്മാര്‍ഥമായി കാശ് കൊടുക്കാന്‍ താല്‍പര്യം ഉണ്ടെന്നു തോന്നിപോകും.. എങ്കിലും ആദ്യത്തെ പതിനായിരം രൂപ വരെ കൊടുക്കുന്നതില്‍ ‍ ഒരു മടിയും കാണിക്കില്ല എന്നത് സത്യം. കാരണം പ്രൈം ടൈമില്‍ ഇത്രയേറ റേറ്റിങ്ങില്‍ ഇതിന്റെ പരസ്യങ്ങളില്‍ കൂടി കിട്ടുന്ന കാശിനു കണ്ണ് കിട്ടാതിരിക്കാന്‍ അവരത്രയെങ്കിലും ചെയ്യണ്ടേ..!
കളിയുടെ അവസാനം ചോദ്യങ്ങളുടെ കാഠിന്യവും കൂടുന്നതില്‍ ഒരതിശയോക്തിയും ഇല്ല..

പലരും ഇവിടെ വന്നു കളിച്ചു പോകുമ്പോള്‍, അതില്‍ പലപ്പോഴും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ നേരിട്ട് കാണാന്‍ സാധിക്കാറുണ്ട്.. ഏതാനും മിനിട്ടുകള്‍ മാത്രമേ സീറ്റില്‍ ഇരിക്കാറുള്ളെങ്കിലും .. ആ ചെറിയ സമയം കൊണ്ട് കാശ് എങ്ങനെ കയ്യില്‍ വരുന്നു എന്നും പോകുന്നു എന്നും ചിലര്‍ക്ക് അത് ജീവിതത്തെ എത്രമാത്രം മാറ്റി മറിക്കാന്‍ സഹായിക്കുമെന്നും എന്നും നമ്മള്‍ മനസ്സിലാക്കുന്നു. കളിക്കാന്‍ വരുന്നവര്‍ക്ക് പ്രിയ താരത്തോട് പറയാനുള്ള ആവശ്യങ്ങള്‍ പലതാണ് ചിലര്‍ക്ക് ഇഷ്ട താരത്തിന്റെ ഒരുമ്മ , ഒരു കെട്ടിപ്പിടിത്തം , ഒരു പാട്ട്.. അങ്ങനെ പലതും…. ഒക്കെ സുരേഷ് ഗോപി ഒരു ജാഡയുമില്ലാതെ സാധിച്ചു കൊടുക്കാറുണ്ട്.. എങ്കിലും എല്ലാ മലയാളികളും ഒരേ സ്വരത്തില്‍ പറയുന്ന " ദേ പോയി .. ദാ വന്നൂ .." ഒന്നൊഴിവാക്കിത്തന്നാല്‍ .. അല്ലെങ്കില്‍ വേറൊരു രീതിയില്‍ ബ്രേക്ക്‌ എടുത്തിരുന്നെങ്കില്‍ ഒത്തിരിയേറെ നന്നായേനെ എന്ന്. കളിയില്‍ പങ്കെടുക്കാത്തവരുടെയും ആഗ്രഹങ്ങള്‍ സാധിച്ചു തരുമെങ്കില്‍ .. ഗോപിച്ചേട്ടാ…, സ്നേഹത്തോടെ പറയട്ടെ.. അത് വതമാണ്, അതൊന്നു മാറ്റി പരീക്ഷിച്ചു കൂടെ.. പ്ലീസ്   ..!

******************************************************
അപ്പം നമ്മുക്ക് ഇടുക്കിയുടെ മിടുക്കിയിലേക്ക് തിരികെ വരാം..

കളിയുടെ ആവേശം അറിയെണമെങ്കില്‍ നിങ്ങള്‍ ഇതിന്റെ വീഡിയോ കാണുക.


കണ്ടതില്‍ എനിക്കൊരു കാര്യം മനസ്സിലായത്‌.. യാതൊരു അവകാശവാദവും ഇല്ലാതെ കളിക്കാന്‍ വന്ന അവര്‍ , സര്‍ക്കാരിന്റെ വാടക വീട്ടില്‍ നിന്നും സ്വന്തമായ ഒരു മേല്‍വിലാസത്തില്‍ എത്താന്‍ നടത്തിയ പരിശ്രമത്തില്‍ , PSCയ്ക്ക് വേണ്ടി പഠിച്ചത് പ്രയോജനപ്പെടുത്തിയെങ്കിലും ഓരോ നിമിഷവും ദൈവത്തെ ആത്മാര്‍ഥമായി വിളിച്ചിരുന്നു എന്നും പരസ്യമായി തന്നെ ദൈവത്തിനു നന്ദി പറയുന്നതില്‍ ഒരു മടിയും കാണിച്ചിരുന്നില്ല എന്നുമാണ്. അവസാന നിമിഷം 50 ലക്ഷം തിരിച്ചു പിടിക്കാന്‍ പിന്നണിക്കാര്‍ നടത്തിയ വളരെ ബുദ്ധിപരമായ എളുപ്പമെന്നു തോന്നിപ്പിക്കുന്ന ചോദ്യത്തിലെ ചതി മനസ്സിലാക്കി തിരികെ വരണമെങ്കില്, ശരിക്കുള്ള വിവേചനാബുദ്ധിയോടെ അവിടെ പ്രതികരിക്കണമെങ്കില്‍ ‍ അതിനു ദൈവത്തിന്റെ ഒരനുഗ്രഹം ഉണ്ടെന്നു കരുതിയെ മതിയാകൂ..ഇതൊരു കളിയുടെ കാര്യമല്ലേ ,, അപ്പം നിങ്ങള്ക്ക് നിങ്ങളുടെ യുക്തി പൂര്‍വ്വം ഇതിനെ കളിയായോ കാര്യമായോ എടുക്കാം.. പക്ഷെ സ്വന്തം ജീവിതത്തില്‍ ആലോചിച്ചു മാത്രം തീരുമാനിക്കുക.. .... :)


ഒത്തിരി സ്നേഹത്തോടെ ....