Wednesday, November 23, 2011

കൊടുത്താല്‍ കൊല്ലത്തും.......!


"കൊടുത്താല്‍ കൊല്ലത്തും കിട്ടും.!"

ജീവിതത്തിലെ ഏറ്റവും വലിയ നിയമവും സത്യവും പച്ച മലയാളത്തില്‍ പറയാന്‍ ഈ പഴഞ്ചൊല്ലാണ് ഏറ്റവും നല്ലത് എന്ന് തോന്നുന്നു.

"താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്മ്മങ്ങള്‍, താന്‍ താന്‍ അനുഭവിച്ചീടുകെന്നേവരൂ." എന്നതാണ് ഇതേ ആശയം നല്കുന്ന കുറേക്കൂടി പ്രശസ്തമായ പഴംചൊല്ല്. ഇതേ ആശയം ഉള്ള അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ആശയമുള്ള അനേകം പഴഞ്ചൊല്ലുകള്‍ മലയാളത്തില്‍ ഉണ്ട്.

ഇം‌ഗ്ലീഷില്‍ ഇതെ ആശയം പന്‍കു വെയ്ക്കുന്ന അനേകം പഴഞ്ചൊല്ലുകള്‍ ഉണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ് ‌ "Do unto others what you like them to do unto you" നിങ്ങള്‍ക്കു മറ്റുള്ളവര്‍ ചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ അവര്‍ക്കായി ചെയ്യുക.

ഒരു പക്ഷെ മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ പഠിക്കുന്ന ഒരു കുട്ടിക്ക് ഇത് കൃത്യമായി അറിയാമെന്നു മാത്രമല്ല അവന്‍ തന്‍റെ ജീവിതയാത്രയില്‍ ഇതുള്‍ക്കൊണ്ടു തന്നെയായിരിക്കും ജീവിക്കുന്നതും. എന്നാല്‍ പ്രായമാകുന്നതോടു കൂടി എവിടെവെച്ചാണ് ഈ അറിവുകളൊക്കെ നമ്മേ കൈവിട്ടുപോകുന്നതെന്നു പോലും മറന്നുപോകുന്നു..!

അറിവു കൂടി എന്നു നാം വിലയിരുത്തുന്നതു അന്യനു എത്ര നന്നായി "പാര" വെക്കാം എന്നു സ്വയം പരീശീലിച്ചാണു! ഒടുവില്‍ കൂടെ നടക്കുന്നവനെ അവനറിയതെ എങ്ങനെ 'വലിപ്പിക്കാം' എന്നു പരീക്ഷിച്ചു ബോദ്ധ്യപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ എല്ലാം തികഞ്ഞവനായി സ്വയം അല്ലെങ്കില്‍ കൂട്ടുകാര്‍ക്കിടയില്‍ അവരോധിക്കും.

ജീവിത്തിലെ ഒന്നിനുപുറകെ മറ്റൊന്നായി വരുന്ന പ്രശ്നങ്ങളുടെ കാരണം അന്വേഷിച്ചു തലപുണ്ണാക്കുമ്പോഴും പരിഹാരക്രീയകള്‍ ചെയ്യുമ്പൊഴും നമ്മളില്‍ പലരും ഈ 'വലിയ' നിയമം ഓര്‍ക്കാറില്ല എന്നതാണു വാസ്തവം! എന്നാല്‍ അന്യന്‍റെ സ്വത്തും സുഖങ്ങളും മോഷ്ടിക്കുമ്പോഴും നശിപ്പിക്കുമ്പോഴും ഇതു നമ്മള്‍ക്കും ബാധകമാണന്ന് ഈ നിയമം ഓര്മ്മിപ്പിക്കുന്നത്.!

നമ്മുടെ ബുദ്ധിയില്‍ സുരക്ഷവലയം തീര്ത്ത്, തെളിവുകളെല്ലാം നശിപ്പിച്ച് ഏറ്റവും ശക്തരായവരുടെ സഹായം ഉള്ളവരെന്നു സ്വയം ബോദ്ധ്യപ്പെടുത്തുമ്പോള്‍, നിങ്ങള്‍ കണ്ണില്‍ കാണുന്ന പരിധികള്‍ക്കപ്പുറം പരിധിയും കണ്ണും ഉള്ളവന്‍ വെച്ച നിയമമാണിതെന്നു മറക്കരുത്! നിങ്ങള്‍ ചെയ്യുന്ന അതേ നാണയത്തില്‍ തന്നെ തിരികെ കിട്ടുമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നത്‌ കൊണ്ടാണെന്ന് തോന്നുന്നു പലരും ഈ സത്യങ്ങള്‍ മനസ്സിലാക്കുന്നില്ല . ദൈവം നമ്മുടെ ചെയ്തികള്‍ക്കു എന്തായാലും ഭൂമിയില്‍ പകരം വെച്ചിട്ടുണ്ടു. "നല്ലതു ചെയ്യുന്നവനു നല്ലതും തിന്മ ചെയ്യുന്നവനു തിന്മയും!"

ഇനിയും പ്രശ്നങ്ങള്‍ നിങ്ങളേ വിടതെ പിന്തുടരുമ്പോള്‍ ഒരു കൊച്ചുകുട്ടിയോടു ചോദിച്ച് ഈ നിയമം പഠിക്കാന്‍ ശ്രമിക്കു.. ശാശ്വതമായ പരിഹാരം തരാത്ത നൂറു പരിഹാരക്രിയകളേക്കാള്‍ എത്രയോനല്ലതാണത്!

(എന്‍റെ പഴയൊരു ബ്ലോഗില്‍ നിന്നും ഇങ്ങോട്ട് പറിച്ച് നട്ട ഒരു ജീവിതപാഠം..!)

Sunday, November 13, 2011

ബൂലോകത്ത്, കാറ്റ് മാറി വീശിത്തുടങ്ങിയോ?


പണ്ഡിറ്റിനെ ശരിക്കും ഇത്രയും പ്രശസ്തനാക്കിയതിന്‍റെ പിന്നില്‍.. അല്ലെങ്കില്‍ അതിന്‍റെ ആക്കം കൂട്ടിയതിന്‍റെ കാരണം ഇന്‍റര്നെറ്റിന്‍റെ സഹായത്തില്‍ മാത്രം ജീവനുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകളാണെന്ന് സമ്മതിക്കേണ്ടി വരും..

എത്ര മോശം പടമാണ് എടുത്തതെങ്കിലും പണ്ഡിറ്റ് ഒരു മഹാസംഭവമാണെന്ന് സമ്മതിച്ചേ പറ്റൂ.....!

ഒന്ന്  :  ഒരു സിനിമ എടുത്തു അതിലെ 99 ശതമാനം ജോലികളും ഒറ്റയ്ക്ക് ചെയ്തു ഒടുവില്‍ തീയേറ്ററില്‍ വരെ എത്തിക്കാന്‍ കാണിച്ച ഈ ചങ്കൂറ്റത്തിനെ..

രണ്ടു : വലിയ ഗായകരായ ചിത്രയേയും,MG ശ്രീകുമാറിനെയും വെച്ച് പാടിച്ചതിന്(ഈ ഗാനങ്ങളും ഗായകരുടെ കഴിവ് കൊണ്ട് കൂടി നന്നായ ഗാനങ്ങളാണ്)

മൂന്ന് : ഈ സിനിമ  ഇത്രയും വലിയ വിജയമാക്കിയതിന്..(അതായത് വെറും 5 ലക്ഷം മുടക്കി കോടികളുടെ ലാഭം ഉണ്ടാക്കിയതിന്)

നാല് : കോടികള്‍ ഇല്ലാതെ ഇന്ന് സിനിമ എടുക്കാന്‍ സാധിക്കില്ല എന്ന അബദ്ധ ധാരണ പൊളിച്ചെഴുതിയതിന്..

അഞ്ച് : തന്നെ പച്ചത്തെറി വിളിച്ചവരെ തിരികെ തെറി വിളിക്കുന്നതിനു പകരം ആത്മ സംയമനത്തോടെ പ്രതികരിച്ചതിന്.‌

ഇനിയിയുമുണ്ട് പണ്ഡിറ്റിനെ തെറി വിളിക്കുന്നതിലൂടെ മാത്രം ആളായ മഹാന്മാരും ബുദ്ധിജീവികളായ പല സിനിമാക്കാരെയും അക്ഷരാര്ത്ഥത്തില്‍ നാണിപ്പിക്കുന്ന പണ്ഡിന്‍റെ ഗുണ ഗണങ്ങള്‍..!

എന്നെ തെറ്റിദ്ധരിക്കരുത്.. ഞാന്‍ പണ്ഡിറ്റിന്‍റെ ആരാധകനല്ല! പണ്ഡിറ്റിന്‍റെ സിനിമ കണ്ടിട്ടില്ലെങ്കിലും അത് നല്ലതാണെന്ന് അബദ്ധധാരണയും ഇല്ല.. എത്ര മാത്രം മോശമായിരിക്കുമെന്ന് ഊഹിക്കാന്‍ ആദ്യമേ ഹിറ്റ് ആയ അതിലെ ചില ഗാനരംഗങ്ങള്‍ മാത്രം കണ്ടാല്‍ മതി.

സംവിധാനവും പിന്നെ അഭിനയവും സഹിക്കാന്‍ പറ്റാത്തതാണ് എന്നതിന് സംശയമില്ല..

നമ്മള്‍ ഇത് സഹിക്കേണ്ടി വന്നതെന്ത് കൊണ്ടെന്ന് മനസ്സിലാക്കണമെങ്കില്‍ " ബെസ്റ്റ് ആക്ടര്‍" എന്ന പടത്തില്‍ മമ്മൂട്ടി പറയുന്ന ഒരു ഡയലോഗ് ഓര്ത്താല്‍ മതിയാകും..  "നല്ലൊരു ശതമാനം ആള്‍ക്കാരും സിനിമയില്‍ അഭിനയിക്കണം എന്ന മോഹവുമായി നടക്കുന്നവരാണത്രേ....!"

അതു പോലെ സിനിമയിലഭിനയിച്ച് പേരെടുക്കണമെന്ന് വലിയ മോഹവും അതൊടുവില്‍ ദാഹവും വിശപ്പുമായ് മാറിയ പണ്ഡിറ്റ് അനേകം ബിരുദങ്ങള്‍ 
വാങ്ങിക്കൂട്ടിയതിന്റെ ധൈര്യത്തില്‍ സ്വയം ഈ പരിപാടിക്കിറങ്ങിത്തിരിച്ചു. മലയാളിക്ക് തന്നെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല എന്ന ബോധം ഒരു പക്ഷേ മനശാസ്ത്രം പഠിച്ച് പണ്ഡിറ്റിന് നല്ല രീതിയില്‍ ഉള്ളതിന്‍റെ പേരില്‍ തന്നെയാകും മറ്റൊരാളുടെ കീഴിലും ചാന്സ് അന്വേഷിച്ച് നടന്ന് ഒള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ, ഈ പരിപാടിക്ക് ഒറ്റയ്ക്ക് ഇറങ്ങിത്തിരിച്ചത്..

സിനിമയിലൂടെ പ്രശസ്തി മാത്രം ആഗ്രഹിച്ച് സന്തോഷ്, സ്വന്തം സൃഷ്ടിയുടെ മോശവശങ്ങളെക്കുറിച്ച് മനസ്സിലാക്കാനോ അംഗീകരിക്കാനോ തയ്യാറായില്ല!

സിനിമയ്ക്ക് വേണ്ടി വീടും കുടിയും വിറ്റിറങ്ങിയവന് സിനിമ തന്നെ ജീവിതമായപ്പോള്‍ ഒടുവില്‍ ദൈവവും കൈ വിട്ടില്ല. കാശ് സന്തോഷിന്‍റെ ആത്യന്തിക ലക്ഷ്യമാരിന്നോ എന്ന് അറിയില്ല എങ്കിലും, തെറിവിളിക്കാനും തെറിവായിച്ച് സായൂജ്യമടയാനും വേണ്ടി മാത്രം യൂട്യൂബില്‍ പണ്ഡിറ്റിന്‍റെ പാട്ടില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ പാവത്തിന് അത് കാശായി അക്കൌണ്ടിലേക്ക് വീഴുന്നു..

എന്തായാലും പയ്യെ പയ്യെ സന്തോഷ് പണ്ഡിറ്റ് ഇല്ലാതെ മലയാളിക്ക് ജീവിക്കാന്‍ ആവില്ല എന്ന് മനസ്സിലാക്കിയ ഒന്നാം കിട ചാനലൊക്കെ ഒടുവില്‍ സന്തോഷിനെ സ്വന്തം ചാനലിലേക്ക് കൊണ്ട് വരാന്‍ കിണഞ്ഞ് ശ്രമിക്കുകയായിരിന്നു, പലരും ഇന്‍റെര്വ്യൂകളില്‍ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ച് പുള്ളിയെ ഒരു കോമാളിയായ് ചിത്രീകരിച്ച് കയ്യടി വാങ്ങാന്‍ ശ്രമിച്ചിരുന്നു എന്നത് വാസ്തവം.   റിലീസ് ചെയ്ത സിനിമ എന്തിന്‍റെ കാരണമെന്ന് അറിയാതെ  ഹിറ്റായതോടെ പല ചാനലുകാര്‍ക്കും പണ്ഡിറ്റിനെ വിളിക്കേണ്ടത് റേറ്റിങ്ങ് കൂട്ടാനുള്ള് മാര്‍ഗ്ഗമെന്ന് മനസ്സിലായി.

ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒരിന്റെര്‍വ്യൂ . ചതിയിലൂടെ ആള്‍ക്കാരെ വീഴ്ത്തി റേറ്റിങ്ങ് ഉണ്ടാക്കുന്ന "സുകേഷിന്‍റെ സപ്പോര്‍ട്ടര്‍"(കടപ്പാട് ബെര്‍ളി) ചാനലിന്‍റെ ആണ്. രാഷ്ട്രീയക്കാരേയും മറ്റെല്ലാ മേഖലയിലുള്ളവരെയും നിര്‍ദ്ദയം കമഴ്ത്തി അടിക്കുന്ന നികേഷിനെ പക്ഷേ പണ്ഡിറ്റ് ഒരൊറ്റ ചോദ്യവുമായി നേരിട്ട് പീസ് പീസാക്കി ഭിത്തിയിലൊട്ടിച്ച് വെക്കുന്ന കാഴ്ചയായിരുന്നു.. നമ്മള്‍ കണ്ടത്.

എന്നാല്‍ മനോരമക്കാരന് ഇന്റെര്‍വ്യൂ  നടത്തിയപ്പോള്‍ വളരെ കരുതലോടെ നേരിട്ടു. തന്നെ ഇന്‍റെര്വിയൂ ചെയ്യാനും മാത്രം വിവരമുള്ള ആരും തന്‍റെ സിനിമ കാണാന്‍ ധൈര്യപ്പെടില്ല എന്നുള്ള വിശ്വാസം വളരെ ശരിയായിരുന്നു. പക്ഷേ ശിഖണ്ഡിയെ മുന്നില്‍ നിര്ത്തി യുദ്ധം ജയിക്കുക എന്ന മഹാഭാരതത്തിലെ ചതി മനോരമ പാവം പണ്ഡിറ്റിനോട് കാണിച്ചു.. സിനിമ കണ്ട ഹതഭാഗ്യര്‍ ആ കൂട്ടത്തിലുണ്ടായിരുന്നു.. പിന്നെ പുലിക്കുട്ടി ഷാനിയും , പലര്‍ക്കും ഇപ്പോഴും പേരറിയാത്ത കുറേ സിനിമാക്കാരും ഒക്കെ ചേര്ന്ന് സന്തോഷിനെ നിര്‍ദ്ദയം തലങ്ങും വിലങ്ങും പ്രഹരിച്ചു.. ആദ്യമായി സന്തോഷ്‌ ദേഷ്യപ്പെടുന്നത് പോലും കാണേണ്ടി വന്നു..

കണ്ടം തുണ്ടം വെട്ടു കൊണ്ട സന്തോഷിനെ അടുത്ത ദിവസം നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകള്‍  സഹതാപത്തോടെയാണ് വരവേറ്റത്..

പണ്ട് തെറിവിളിച്ചവരില്‍ ഹൃദയമുള്ളവര്‍ സന്തോഷിനെ സപ്പോര്‍ട്ട് ചെയ്ത് ലേഖനങ്ങള്‍ എഴുതി ലൈക്ക് വാങ്ങി ത്തുടങ്ങി..

ഇതിനിടെ "കലയെ ഇത്ര അഘാധമായി സ്നേഹിക്കുന്ന ;)" ഏതോ സംഘടന ഒരു അവാര്‍ഡ് മലയാളസിനിമയുടെ കാരണവരായ മധുവിനെ കൊണ്ട് കൊടുപ്പിച്ചതോടെ , ഈ സഹതാപം ആറിയാതെ പലരുടെയും ഇടയില്‍ പണ്ഡിറ്റിനെ കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയിലേക്ക് വന്നു..


ചിത്രം,വീഡിയോ കടപ്പാട് : ഗൂഗിള്‍ , യൂട്യുബ് 

Tuesday, November 8, 2011

യാത്രാ മൊഴി


യാത്ര ചോദിക്കുവാന്‍ നേരമായ് പോകട്ടെ -ഞാന്‍
മാത്രമായിനി  ദൂരെ..,ഈ നിറമിഴിയുമായ്.....
      പിരിയുവാനായ് അറിഞ്ഞവര്‍ നാം -വിട
      പറയുവാനായ് മാത്രമടുത്തവര്‍
      ഇട നെഞ്ചിലാളി പടരുന്നോരാ തീ -യൊട്ട്
      തടുക്കുവാനാകില്ല നീയറിയുന്നുവോ?
ഞായറീപ്പകലിനെ പ്രണയിച്ചിടുംമ്പോല്‍ -നാമീ
ഞായറാഴ്ചകളൊഴിച്ചിഴ പിരിയാതിരുന്നവര്‍...
      ചിപ്പിയും മുത്തും ചിത്രശലഭങ്ങളും -നിത്യം
      തപ്പിയിറങ്ങിയീ-സ്നേഹ ബന്ധങ്ങളില്‍
      തപ്പുമാ സത്തയു മന്യോന്യം തോളേറ്റി -യന്ന
      ചെപ്പു തുറന്നതുമെന്നുമേ ഒന്നിച്ച്.
എത്ര ശ്രമിച്ചാലും മറക്കുവാനാകുമോ? -നാമി
ന്നത്രമേല്‍ മിത്രങ്ങളായയീ വേളയില്‍....

(വര്ഷങ്ങള്‍ക്ക് മുന്‍പ്, കുറച്ച് നാളത്തെ മാത്രം പരിചയമുള്ള ഒരു കലാലയ ജീവിതത്തില്‍ നിന്നും വിട വാങ്ങി പോയപ്പോള്‍ എഴുതിയത്)